മംഗളൂരു: കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സിദ്ധരാമയ്യ ശനിയാഴ്ച മംഗളൂരുവിലേക്ക് നടത്താനിരുന്ന യാത്ര മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് മംഗളൂരു പോലീസ്. പൗരത്വ നിയമ ഭേദഗതിയില്‍ പോലീസ് വെടിവെയ്പ്പും സംഘര്‍ഷവുമുണ്ടായ മംഗളൂരുവിലേക്ക് സിദ്ധരാമയ്യ എത്തിയാല്‍ ക്രമസമാധാന പ്രശ്നങ്ങളുണ്ടാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് മംഗളൂരുവിലേക്ക് പ്രവേശിക്കരുതെന്ന് പോലീസ് ആവശ്യപ്പെട്ടത്. ഇതുസംബന്ധിച്ച് സിദ്ധരാമയ്യയ്ക്ക് മംഗളൂരു പോലീസ് നോട്ടീസ് അയച്ചിട്ടുണ്ട്.
കര്‍ഫ്യൂ നിലനില്‍ക്കുന്ന മംഗളൂരുവിലേക്ക് മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ ഇന്ന് സന്ദര്‍ശനം നടത്തുന്നതിനാല്‍ വലിയ സുരക്ഷയാണ് നഗരത്തിലാകെ പോലീസ് ഒരുക്കുന്നത്. അതിര്‍ത്തി പ്രദേശത്ത് നിന്ന് കര്‍ശന പരിശോധനയ്ക്ക് ശേഷമാണ് വാഹനങ്ങള്‍ നഗരത്തിലേക്ക് കടത്തിവിടുന്നത്. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്താന്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ യോഗവും ഇന്ന് മംഗളൂരുവില്‍ ചേരുന്നുണ്ട്.
സമരം നടത്താന്‍ സംഘടനകള്‍ അനുമതി ആവശ്യപ്പെട്ടാല്‍ നിഷേധിക്കരുതെന്ന് സര്‍ക്കാറിനെ വിമര്‍ശിച്ചുകൊണ്ട് കഴിഞ്ഞ ദിവസം കര്‍ണാടക ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. അതിനാല്‍ കൂടുതല്‍ സംഘടനകള്‍ ഇന്ന് അനുമതി ആവശ്യപ്പെട്ട് എത്തിയേക്കും. അവധി ദിവസമായതിനാല്‍ കൂടുതല്‍ ആളുകള്‍ ഇന്ന് പ്രതിഷേധവുമായി തെരുവിലേക്കിറങ്ങുമെന്ന കണക്കുകൂട്ടലില്‍ സുരക്ഷ കര്‍ശനമാക്കാനാണ് മംഗളൂരു പോലീസിന് ലഭിച്ച നിര്‍ദേശം.
ടൗണ്‍ ബാങ്ക്, മൈസൂര്‍ സര്‍ക്കിള്‍ എന്നിവയ്ക്ക് പുറമേ പ്രധാനപ്പെട്ട ജില്ലകളിലെല്ലാം കൂടുതല്‍ പോലീസിനെ വ്യന്യസിച്ച് സംസ്ഥാനത്താകെ സുരക്ഷ കര്‍ശനമാക്കാനാണ് പോലീസ് തീരുമാനം.
Content Highlights; mangalore police asked siddaramaiah to postponed his journey to mangalore