ന്യൂഡല്‍ഹി: ജെ.എന്‍.യു വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്റ് കനയ്യ കുമാറിന്റെ തലകൊയ്യുന്നവര്‍ക്ക് 11 ലക്ഷം രൂപ പാരിതോഷികം പ്രഖാപിച്ച പൂര്‍വാഞ്ചല്‍ സേനാ പ്രസിഡന്റ് ആദര്‍ശ് ശര്‍മയുടെ ബാങ്ക് അക്കൗണ്ടില്‍ 150 രൂപ. ശര്‍മയ്‌ക്കെതിരായ കേസ് അന്വേഷിക്കുന്ന പോലീസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
വിവാദ പ്രഖ്യാപനത്തിന് പിന്നാലെ പാര്‍ലമെന്റ് സ്ട്രീറ്റ് പോലീസ് കേസെടുത്തതിനെത്തുടര്‍ന്ന് ആദര്‍ശ് ശര്‍മ ഒളിവിലാണ്. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നില്ല. കുടുംബാംഗങ്ങളും സുഹൃത്തുക്കളും അടക്കമുള്ള ആരുമായും ദിവസങ്ങളായി അദ്ദേഹം സംസാരിക്കുന്നില്ലെന്ന് പോലീസ് പറഞ്ഞു. ബിഹാര്‍ സ്വദേശിയായ ആദര്‍ശ് ശര്‍മ രോഹിണിയില്‍ വാടകയ്ക്ക് താമസിക്കുകയാണ്. മാസങ്ങളായി കെട്ടിടം ഉടമയ്ക്ക് വാടക നല്‍കിയിട്ടില്ലെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.
ശര്‍മ്മ ഒപ്പിട്ട ലഘുലേഖ കണ്ടെത്തിയതിന് പിന്നാലെയാണ് പോലീസ് അദ്ദേഹത്തിനെതിരെ കേസെടുത്തത്. കനയ്യയെ വധിക്കുന്നവര്‍ക്ക് 11 ലക്ഷം പാരിതോഷികം നല്‍കുമെന്ന് ലഘുലേഖയില്‍ വ്യക്തമാക്കിയിരുന്നു. കുറ്റകൃത്യത്തിന് പ്രേരണ നല്‍കിയതിന് ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 107 ാം വകുപ്പ് അടക്കമുള്ളവയാണ് അദ്ദേഹത്തിനെതിരെ ചുമത്തിയിട്ടുള്ളത്. ചോദ്യം ചെയ്യലിനുശേഷം കൂടുതല്‍ ശക്തമായ വകുപ്പുകള്‍ ചുമത്തിയേക്കുമെന്ന് പോലീസ് പറഞ്ഞു. ശര്‍മയെ കണ്ടെത്താന്‍ പോലീസ് ബിഹാറിലെത്തി അന്വേഷണം നടത്തിയിരുന്നു. അദ്ദേഹത്തിന്റെ സുഹൃത്തുകളുടെയും ബന്ധുക്കളുടെയും വീടുകളിലും പോലീസ് പരിശോധന നടത്തുന്നുണ്ട്.