ന്യൂഡല്‍ഹി: തോക്കുമായെത്തി പഞ്ചനക്ഷത്രഹോട്ടലിനു മുമ്പില്‍ പരിഭ്രാന്തി സൃഷ്ടിച്ച യുവാവിന്റെ വീഡിയോദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. ബിഎസ്പി നേതാവും മുന്‍ പാര്‍ലമെന്റംഗവുമായ പ്രമുഖന്റെ മകനാണ് യുവാവെന്ന് പോലീസ് പറഞ്ഞു.
ആശിഷ് പാണ്ഡെ എന്ന യുവാവാണ് ഞായറാഴ്ച്ച രാത്രി ഡല്‍ഹിയിലെ ഒരു പഞ്ചനക്ഷത്രഹോട്ടലിന് മുന്നില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കിയത്. നിശാപാര്‍ട്ടിക്ക് ശേഷം പുറത്തിറങ്ങിയ ആശിഷ് കൂടെയുള്ള യുവതിയുമായി വാക്തര്ക്കത്തിലേര്പ്പെടുകയായിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍. ആശിഷ് യുവതിയെ അസഭ്യം പറയുകയും തോക്ക് കാട്ടി ഭീഷണിപ്പെടുത്തുകയുമായിരുന്നു.
പെണ്‍സുഹൃത്തും സുരക്ഷാഉദ്യോഗസ്ഥനും ചേര്‍ന്ന് യുവാവിനെ അനുനയിപ്പിക്കാന്‍ ശ്രമിക്കുന്നത് വീഡിയോ ദൃശ്യങ്ങളില്‍ കാണാം. അവരോടും തര്‍ക്കത്തിന് മുതിര്‍ന്ന യുവാവിനെ ഹോട്ടല്‍ ജീവനക്കാര്‍ വലിച്ചിഴച്ചുകൊണ്ടുപോകുന്നിടത്താണ് വീഡിയോ അവസാനിക്കുന്നത്. അപ്പോഴും അയാള്‍ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നുണ്ട്.
വീഡിയോയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ആശിഷ് പാണ്ഡെയെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും പോലീസ് അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല.