ന്യൂഡല്‍ഹി: ചൂതാട്ടത്തില്‍ തുടര്‍ച്ചയായി തോറ്റപ്പോള്‍ യുവാവ് പണയപ്പെടുത്തിയത് സ്വന്തം ഭാര്യയേയും രണ്ട് മക്കളേയും. ബുലാന്ദ്ഷര്‍ സ്വദേശിയായ മുഹ്സിന് ആണ് അമിതമായ ചൂതാട്ട ഭ്രമത്താല്‍ ഭാര്യയേയും മക്കളേയും പണയപ്പെടുത്തിയത്.
ചൂതാട്ടത്തില്‍ മൊഹ്സിനെ പരാജയപ്പെടുത്തിയ ആള് യുവതിയെയും കുട്ടികളെയും കൂട്ടിക്കൊണ്ടുപോകാന്‍ വീട്ടിലെത്തിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ചൂതാട്ടത്തില്‍ മൂന്ന് പേരേയും പണയം വച്ചിരുന്നുവെന്നും മുഹസിന് പരാജയപ്പെട്ടതിനാല്‍ നിങ്ങള്‍ ഒപ്പം വരണമെന്നും അയാള്‍ ആവശ്യപ്പെട്ടുവെങ്കിലും യുവതി പോവാന്‍ തയ്യാറായില്ല. തുടര്‍ന്ന് നാട്ടുകൂട്ടത്തിന്റെ മധ്യസ്ഥതയില്‍ ഒരു കുട്ടിയെ വിജയിയോടൊപ്പം നിര്‍ബന്ധിച്ച് പറഞ്ഞയയ്ക്കാന് തീരുമാനമെടുത്തു.
സംഭവത്തില്‍ മനംനൊന്ത യുവതി മുഹ്സിനെതിരേ കോടതിയെ സമീപിക്കുകയും വിവാഹ മോചനത്തിന് അപേക്ഷ നല്‍കുകയും ചെയ്തു. സംഭവത്തില്‍ മൊഹ്സിനടക്കം ആറുപേര്‍ക്കെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദ്ദേശം നല്കി. 2012 ല്‍ ആണ് യുവതി മുഹസിനെ വിവാഹം കഴിച്ചത്. 2015 മുതല്‍ ഇയാള്‍ ചൂതാട്ടത്തിന് അടിമപ്പെട്ടുവെന്ന് യുവതി കോടതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.