കൊല്‍ക്കത്ത: ദേശീയ പൗരത്വ രജിസ്റ്ററിനെതിരെയും പൗരത്വ ഭേദഗതി ബില്ലിനെതിരെയുമുള്ള പോരാട്ടം രണ്ടാം സ്വാതന്ത്ര്യ സമരമായി മാറുമെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ബംഗാളിലെ മായോ റോഡില്‍ തൃണമൂല്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച ഐക്യദാര്‍ഢ്യ ദിന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അവര്‍.
ഈ മുന്നേറ്റം രാജ്യത്തെ രണ്ടാം സ്വാതന്ത്ര്യ സമരത്തിലേക്ക് നയിക്കും. നമ്മള്‍ എന്തായാലും പോരാടും, എല്ലാം അവസാനിപ്പിക്കാനുള്ളതാണ് ഈ പോരാട്ടം. എല്ലായ്‌പ്പോയും നമ്മള്‍ വഴികാണിച്ചുനല്‍കി. ഇനിയും അത് ചെയ്യണം. മുന്നില്‍നിന്ന് നയിക്കണം- മമത പറഞ്ഞു.
ഭരണഘടനയ്ക്ക് എതിരാകാതെ എല്ലാ വിഭാഗത്തിലുള്ളവര്‍ക്കും പൗരത്വം നല്‍കുകയാണെങ്കില്‍ ഞങ്ങള്‍ അത് അംഗീകരിക്കും. പക്ഷേ, നിങ്ങള്‍ മതത്തിന്റെയും മറ്റുള്ളതിന്റെയും പേരില്‍ ജനങ്ങളെ വേര്‍തിരിക്കുകയാണെങ്കില്‍ ഞങ്ങള്‍ അവസാനം വരെ അതിനെ എതിര്‍ക്കും- മമത വ്യക്തമാക്കി.
പൗരത്വ ഭേദഗതി ബില്ലിന്മേല്‍ ചര്‍ച്ചകളുണ്ടാക്കി സാമ്പത്തിക തകര്‍ച്ച ഉള്‍പ്പെടെയുള്ള രാജ്യത്തെ യഥാര്‍ഥ പ്രശ്‌നങ്ങളില്‍നിന്ന് ജനങ്ങളുടെ ശ്രദ്ധതിരിക്കാനാണ് ബിജെപിയുടെ ശ്രമമെന്നും മമത ബാനര്‍ജി ആരോപിച്ചു.
രാജ്യം ഒരു ശരീരമാണെങ്കില്‍ അതിന്റെ കഴുത്തറക്കുന്ന നടപടിയാണ് പൗരത്വ രജിസ്റ്ററും പൗരത്വ ഭേദഗതി ബില്ലുമെന്നും അവര്‍ പറഞ്ഞു. ഇന്ത്യയെ പോലൊരു മതേതര രാജ്യത്ത് മതത്തിന്റെ അടിസ്ഥാനത്തിലല്ല പൗരത്വം നല്‍കേണ്ടതെന്നും മമത തുറന്നടിച്ചു.
Content Highlights: mamata banerjee says they will oppose nrc and citizenship amendment bill, second war of independence