കൊല്‍ക്കത്ത: ഭരണഘടന സംരക്ഷിക്കാനെന്ന് അവകാശപ്പെട്ട് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി നടത്തിവന്നിരുന്ന ധര്‍ണ അവസാനിപ്പിച്ചു. കൊല്‍ക്കത്ത മെട്രോ ചാനലില്‍ മൂന്നുദിവസമായി നടത്തിയിരുന്ന ധര്‍ണയാണ് ചൊവ്വാഴ്ച വൈകിട്ടോടെ അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്.
കൊല്‍ക്കത്ത പോലീസ് കമ്മിഷണര്‍ക്കെതിരായ സി.ബി.ഐ. അന്വേഷണം സംബന്ധിച്ച് ചൊവ്വാഴ്ച സുപ്രീംകോടതി നടത്തിയ വിധിപ്രസ്താവം ആശാവഹമാണെന്നും ഈ ധര്‍ണ ഭരണഘടനയുടെയും ജനാധിപത്യത്തിന്റെയും വിജയമാണെന്നും മമത ബാനര്‍ജി പറഞ്ഞു. ഈ വിഷയം അടുത്ത ആഴ്ചമുതല്‍ ഡല്‍ഹിയില്‍ ഉന്നയിക്കുമെന്നും അന്വേഷണ ഏജന്‍സികളെ നിയന്ത്രിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും മമത കൂട്ടിച്ചേര്‍ത്തു. വണ്‍മാന്‍ സര്‍ക്കാരാണ് മോദിയുടെ ലക്ഷ്യമെങ്കില്‍ അദ്ദേഹം രാജിവെച്ച് ഗുജറാത്തിലേക്ക് മടങ്ങണമെന്നും അവിടെമാത്രമേ അതെല്ലാം നടക്കുകയുള്ളുവെന്നും ബംഗാള്‍ മുഖ്യമന്ത്രി പ്രസംഗത്തില്‍ പറഞ്ഞു.
ശാരദ ചിട്ടിഫണ്ട് കേസുമായി ബന്ധപ്പെട്ട് കൊല്‍ക്കത്ത പോലീസ് കമ്മിഷണര്‍ രാജീവ്കുമാര്‍ ഐ.പി.എസിനെ സി.ബി.ഐ. ചോദ്യം ചെയ്യാനെത്തിയതോടെയാണ് മമതയും കേന്ദ്രസര്‍ക്കാരും തമ്മിലുള്ള പോര്‍മുഖം തുറന്നത്. ചോദ്യം ചെയ്യാനെത്തിയ സി.ബി.ഐ. ഉദ്യോഗസ്ഥരെ കൊല്‍ക്കത്ത പോലീസ് അറസ്റ്റ് ചെയ്തുനീക്കിയിരുന്നു. ഇതിനുപിന്നാലെയാണ് കേന്ദ്രസര്‍ക്കാര്‍ ഭരണഘടനയെയും ഫെഡറല്‍ സംവിധാനത്തെയും തകര്‍ക്കാന്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് മമതാ ബാനര്‍ജി അനിശ്ചിതകാല ധര്‍ണ ആരംഭിച്ചത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി, ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍, ആര്‍.ജെ.ഡി. നേതാവ് തേജസ്വി യാദവ്, ഡി.എം.കെ. നേതാവ് എം.കെ. സ്റ്റാലിന്‍ തുടങ്ങിയവരും മമതയുടെ ധര്‍ണയ്ക്ക് പിന്തുണ അറിയിച്ചിരുന്നു.
Content Highlights: mamata banarjee ends her dharna in kolkata
Share this Article
Related Topics