ന്യൂഡല്‍ഹി: രാജ്യദ്രോഹ കുറ്റം ചുമത്തി ഡല്‍ഹി പൊലീസ് അറസ്റ്റു ചെയ്ത ജെ.എന്‍.യു വിദ്യാര്‍ഥി യൂണിയന്‍ നേതാവ് കനയ്യ കുമാറിന്റെ ജാമ്യ ഹര്‍ജിയില്‍ ഡല്‍ഹി ഹൈക്കോടതി ഇന്ന് വിധി പറയും. ഹൈക്കോടതി പരിസരത്ത് കര്‍ശന സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്.
പാര്‍ലമെന്റ് ആക്രമണ കേസില്‍ വധ ശിക്ഷയ്ക്ക് വിധിക്കപ്പെട്ട അഫ്‌സല്‍ ഗുരുവിന്റെ, അനുസ്മരണ പരിപാടിക്കിടെ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം വിളിച്ചെന്നാണ് കേസ്. ജാമ്യം നല്‍കരുതെന്നാണ് ഡല്‍ഹി പൊലീസിന്റെ നിലപാട്. പരിപാടി സംഘടിപ്പിച്ചത് കനയ്യ കുമാറാണ്. വീഡിയോ തെളിവുകളെ മാത്രം അടിസ്ഥാനമാക്കിയല്ല അറസ്റ്റ് ചെയ്തതെന്നും പൊലീസ് വാദിക്കുന്നു.
എന്നാല്‍, അറസ്റ്റ് ചെയ്ത് ഇത്രയും ദിവസമായിട്ടും കാര്യമായ തെളിവുകള്‍ ഹാജരാക്കാന്‍ പൊലീസിനു കഴിഞ്ഞില്ലെന്നും അതിനാല്‍ ജാമ്യം നല്‍കണമെന്നുമാണ് കനയ്യ കുമാറിന്റെ വാദം.
അറസ്റ്റിന് ശേഷം പാട്യാല കോടതിയില്‍ ഹാജരാക്കിയ കനയ്യ കുമാറിനെ ഒരു സംഘം അഭിഭാഷകര്‍ മര്‍ദ്ദിച്ചിരുന്നു. ഇതേ തുടര്‍ന്ന് ജാമ്യത്തിനായി സുപ്രീംകോടതിയെ സമീപിച്ചു. എന്നാല്‍, ഹര്‍ജി പരിഗണിക്കുന്നത് തെറ്റായ നടപടിയാകുമെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതിയെ സമീപിക്കാന്‍ സുപ്രീംകോടതി നിര്‍ദേശിച്ചു.
ഇതിനിടെ കനയ്യ കുമാറിനെതിരെ ഹാജരാക്കിയ വീഡിയോകള്‍ വ്യാജമാണെന്ന ഫോറന്‍സിക് പരിശോധന ഫലം പുറത്ത് വന്നിട്ടുണ്ട്. വീഡിയോകളില്‍ രാജ്യവിരുദ്ധ മുദ്രാവാക്യങ്ങള്‍ അടങ്ങിയ ഭാഗം കൂട്ടിച്ചേര്‍ത്തെന്നാണ് കണ്ടെത്തിയത്.
Share this Article
Related Topics