ന്യൂഡല്‍ഹി : നാഗാ ഗ്രൂപ്പ് രണ്ട് മാസമായി തടസ്സപ്പെടുത്തിയ നാഷണല്‍ ഹൈവേ തുറക്കാന്‍ അര്‍ധസൈനിക വിഭാഗത്തെ മണിപ്പൂരിലേക്ക് അയച്ചു. പുതുതായി നാലായിരം അര്‍ധസൈനികരെയാണ് അയച്ചത്. ഇതോടെ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ ക്രമസമാധാന പാലനത്തിനായി എത്തുന്ന സൈനിക ഉദ്യോഗസ്ഥര്‍ 17500 ആയി.
കഴിഞ്ഞ നവംബര്‍ ഒന്നുമുതല്‍ യൂണിയന്‍ നാഗാ കൗണ്‍സില്‍ അടിച്ചേല്‍പിച്ച സാമ്പത്തിക ഉപരോധത്തില്‍ നിന്ന് ഉരുത്തിരിഞ്ഞ കലാപത്തിന്റെ നിലവിലെ സ്ഥിതിഗതികള്‍ സേന വിലയിരുത്തും. മണിപ്പുരിനെയും നാഗാലാന്റിനെയും ബന്ധിപ്പിക്കുന്ന എന്‍ എച്ച്- 2 റോഡ് വീണ്ടും തുറക്കുക എന്നുള്ളതാണ് തങ്ങളുടെ മുന്‍ഗണന വിഷയമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ഇംഫാലിനിെയും ദിമാപ്പുരിനെയും ബന്ധിപ്പിക്കുന്ന എന്‍ എച്ച് 2, ഇംഫാലിനെയും ജിറിബാമിനെയും ബന്ധിപ്പിക്കുന്ന എന്‍ എച്ച് 37 എന്നിവിടങ്ങളിലാണ് യു എന്‍ സി ഉപരോധം ഏര്‍പ്പെടുത്തിയത്. ഇംഫാല്‍ ഉഖ്റുൽ റോഡില്‍ 22 പാസഞ്ചര്‍ വാഹനങ്ങൾ കലാപത്തില്‍ അക്രമികള്‍ കത്തിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ഇംഫാലിലെ കിഴക്കന്‍ മേഖലയില്‍ രണ്ടാഴ്ച്ചയായി കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരിക്കയാണ്.
മേഖലയില്‍ നാഗാഗ്രൂപ്പ് സൃഷ്ടിച്ച കലാപാന്തരീക്ഷം എത്രയും പെട്ടെന്ന് അവസാനിപ്പിക്കാന്‍ മണിപ്പുര്‍ സര്‍ക്കാര്‍ ശ്രമിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാന സർക്കാരിന് അയച്ച സന്ദേശത്തില്‍ ശഠിക്കുന്നു. 52 ദിവസമായി ജനങ്ങള്‍ അനുഭവിക്കുന്ന കഷ്ടതകളുടെ ഉത്തരവാദിത്വത്തില്‍ നിന്ന സര്‍ക്കാരിന് ഒഴിയാനാവില്ലെന്നും കേന്ദ്രസര്‍ക്കാര്‍ കുറ്റപ്പെടുത്തി.
ഉപരോധം അവസാനിപ്പിച്ച് ജനജീവിതം സുഗമമാക്കാന്‍ കേന്ദ്രസര്‍ക്കാരും സംസ്ഥാന സര്‍ക്കാരും സംയുക്തമായി ശ്രമിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി കിരണ്‍ റിജ്ജു അറിയിച്ചു. ഉപരോധത്തിലൂടെ രാഷ്ട്രീയ മുതലെടുപ്പെടുക്കാന്‍ ഒരു പാര്‍ട്ടിയെയും അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു..