ന്യൂഡല്‍ഹി: തനിക്കെതിരെ തെറ്റായ ആപോണം നടത്തിയ കോണ്‍ഗ്രസ് മാപ്പു പറയണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി കിരണ്‍ റിജ്ജു. അരുണാചല്‍ പ്രദേശില്‍ ജലവൈദ്യുത പദ്ധതിയുമായി ബന്ധപ്പെട്ട് 450 കോടിയുടെ അഴിമതി കിരണ്‍ റിജ്ജു നടത്തിയെന്നായിരുന്നു കോണ്‍ഗ്രസിന്റെ ആരോപണം. അഴിമതി നടത്തിയത് കോണ്‍ഗ്രസാണ്, നിങ്ങള്‍ ഭരിക്കമ്പോഴാണ് പദ്ധതി നടന്നതെന്നും റിജ്ജു പ്രതികരിച്ചു.
ശബ്ദരേഖകള്‍ സഹിതം മാധ്യമങ്ങള്‍ പുറത്തു വിട്ട വാര്‍ത്ത അടിസ്ഥാനമാക്കിയാണ് കോണ്‍ഗ്രസ് വക്താവ് രണ്‍ന്ദീപ് സുര്‍ജെവാല റിജ്ജുവിനെതിരെ ആരോപണം ഉന്നിയിച്ചിരുന്നത്.
കിരണ്‍ റിജ്ജുവും ബന്ധുവും കോണ്‍ട്രാക്ടറുമായ ഗോബോയി റിജിജു, നോര്‍ത്ത് ഈസ്റ്റേണ്‍ ഇലക്ട്രിക്ക് പവര്‍ കോര്‍പ്പറേഷന്‍ (നീപ്കോ) എന്നിവര്‍ ചേര്‍ന്നാണ് അഴിമതി ആസൂത്രണം ചെയ്തതെന്ന് നീപ്കോ ചീഫ് വിജിലന്‍സ് ഓഫീസര്‍ സതീഷ് വര്‍മ്മയുടെ റിപ്പോര്‍ട്ടിനെ ഉദ്ധരിച്ചായിരുന്നു വാര്‍ത്തകള്‍. തുടര്‍ന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ റിജ്ജുവിന്റെ രാജി ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു.
എന്നാല്‍ പദ്ധതിയുടെ എല്ലാ കരാര്‍ ജോലികള്‍ക്കും അനുമതി നല്‍കുമ്പോള്‍ കേന്ദ്രത്തിലും സംസ്ഥാനത്തും കോണ്‍ഗ്രസായിരുന്നു അധികാരത്തില്‍. അതില്‍ എന്തെങ്കിലും അഴിമതിയുണ്ടെങ്കില്‍ കോണ്‍ഗ്രസ് ജനങ്ങള്‍ക്ക് മുന്നില്‍ വിശദീകരിക്കണമെന്നും റിജ്ജു ആവശ്യപ്പെട്ടു.
താന്‍ ഈ സമയത്ത് എംപിയായിരുന്നില്ല. 2014 ല്‍ എംപിയായപ്പോള്‍ പണം ലഭിക്കാതിരുന്ന ചില സബ് കോണ്‍ട്രാക്ടര്‍മാരുടെ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാണിച്ച് മന്ത്രി പിയൂഷ് ഗോയലിന് കത്തയക്കുക മാത്രമാണ് താന്‍ ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന കോണ്‍ഗ്രസ് തെറ്റായ ആരോപണം ഉന്നയിച്ചതിന് മാപ്പ് പറയണമെന്നും റിജ്ജു പറഞ്ഞു.