ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്ത സംഘമായ 'ലീജിയണ്‍' അടുത്ത നുഴഞ്ഞുകയറ്റത്തിന് ഒരുങ്ങുന്നതായി മുന്നറിയിപ്പ്. രാജ്യസഭ, ലോക്സഭ എംപിമാരുടെ ഇമെയില്‍ വിലാസം ഉള്‍ക്കൊള്ളുന്ന സന്‍സദ് ഡോട്ട് എന്‍ഐസി ഡോട്ട് ഇന്‍ (<sansad.nic.in>) എന്ന ഡൊമൈന്‍ ആണ് അടുത്ത ലക്ഷ്യമെന്ന് ലീജിയണ്‍ വെളിപ്പെടുത്തി.
ഒരു ഓണ്‍ലൈന്‍ മാഗസിന് നല്‍കിയ രഹസ്യ ചാറ്റിങ്ങിലുടെയാണ് ഹാക്കര്‍മാര്‍ ഭീഷണി മുഴക്കിയിരിക്കുന്നത്. ഹാക്കിങ് വിജയിച്ചാലും ഇല്ലെങ്കിലും വീണ്ടും അതിനായി വീണ്ടും ശ്രമിക്കുമെന്നും ലീജിയണ്‍ പറയുന്നു.
സര്‍ക്കാരുമായി ബന്ധപ്പെട്ടവരാണ് സന്‍സദിന്റെ ഡൊമെയ്ന്‍ ഉപയോഗിക്കുന്നത് എന്നതിനാലാണ് ഇത് ഹാക്ക് ചെയ്യാന്‍ ശ്രമിക്കുന്നത്. സര്‍ക്കാര്‍ ഡൊമെയ്ന്‍ ഹാക്ക് ചെയ്യുന്നത് സാധാരണക്കാരെ ബാധിച്ചാല്‍ അത് അവര്‍ സുരക്ഷിതമല്ലാത്ത മെയില്‍ സര്‍വീസ് അവര്‍ ഉപയോഗിക്കുന്നത് കൊണ്ടായിരിക്കും -ഹാക്കര്‍മാര്‍ വിശദീകരിക്കുന്നു.
ഇന്ത്യയുടെ ബാങ്കിങ് സംവിധാനത്തിലുള്ള നെറ്റ്‌വര്‍ക്കുകള്‍ ഒട്ടും സുരക്ഷിതമല്ലെന്നും തങ്ങള്‍ ഇത്തരം കേന്ദ്രീകൃത ബാങ്കിങ് സംവിധാനത്തില്‍ വിശ്വസിക്കുന്നില്ലെന്നും ഹാക്കര്‍മാര്‍ പറയുന്നു.
തങ്ങള്‍ക്ക് ഇന്ത്യയിലെ പേയ്മെന്റ് കോര്‍പ്പറേഷന്‍( എന്‍പിസിഐ), ബാങ്കിങ് സാങ്കേതിക വിദ്യകള്‍ക്കായുള്ള ഗവേഷണ സ്ഥാപനമായ ഐഡിആര്‍ബിടി എന്നിവയുടെ സെര്‍വറുകളില്‍ നുഴഞ്ഞുകയറാന്‍ സാധിക്കുമെന്നും ബാങ്കുകളുടെ സെര്‍വറുകള്‍ ഹാക്കുചെയ്യാനും സാധിക്കുമെന്നും ഇവര്‍ അവകാശപ്പെടുന്നു.
ഇത്തരത്തില്‍ തങ്ങള്‍ക്ക് ഇടപാട് നടന്നതായുള്ള വ്യാജ സന്ദേശങ്ങള്‍ അയയ്ക്കാന്‍ സാധിക്കുമെന്നും ഹാക്കര്‍മാരുടെ ഭീഷണിയുണ്ട്.