ബെംഗളൂരു: എ.ടി.എമ്മിലേക്ക് കൊണ്ടു പോകുകയായിരുന്ന 1.37 കോടി രൂപയുമായി കടന്ന വാന്‍ഡ്രൈവറുടെ ഭാര്യയെ പോലീസ് അറസ്റ്റ് ചെയ്തു. ഇവരില്‍ നിന്ന് 79.8 ലക്ഷം രൂപ കണ്ടെടുത്തിട്ടുണ്ട്. കേസിലെ പ്രധാന പ്രതിയായ വാന്‍ ഡ്രൈവര്‍ ഡൊമനിക് ശെല്‍വരാജ് അടുത്ത് തന്നെ പോലീസ് വലയിലാകുമെന്നാണ് സൂചന.
പണവുമായി കടന്ന വാന്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കഴിഞ്ഞ ദിവസം പോലീസ് കണ്ടെത്തിയിരുന്നു. വസന്ത് നഗറില്‍ ഉപേക്ഷിക്കപ്പെട്ട വാനില്‍ നിന്ന് 45 ലക്ഷം രൂപയും സുരക്ഷാ ജീവനക്കാരന്റെ തോക്കും കണ്ടെത്തിയിരുന്നു.
കഴിഞ്ഞ ചൊവ്വാഴ്ച ഉപ്പാരപേട്ട് കെ.ജി. റോഡിലെ ബാങ്ക് ഓഫ് ഇന്ത്യയിലെ എ.ടി.എമ്മിലേക്ക് പണവുമായി പോകുമ്പോഴാണ് ഡ്രൈവര്‍ വാനുമായി കടന്നത്. ലോജിടെക് എന്ന കമ്പനിയാണ് ശാഖകളില്‍നിന്ന് പണം ശേഖരിച്ച് എ.ടി.എമ്മുകളില്‍ നിറയ്ക്കുന്നതിന് കരാറെടുത്തിരുന്നത്.
സംഭവത്തിന് ശേഷം ശെല്‍വരാജിന്റെ ഭാര്യയും മകനും ഒളിവിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. നേരത്തെ ശെല്‍വരാജിന്റെ അമ്മയെ പോലീസ് ചോദ്യം ചെയ്തിരുന്നെങ്കിലും ഇവരെക്കുറിച്ച് വിവരം ലഭിച്ചിരുന്നില്ല.
Share this Article
Related Topics