കൊല്‍ക്കത്ത: ജനിച്ച ഒരു ദിവസം പോലും തികയും മുന്‍പ് കുട്ടികളെ കടത്തുന്ന സംഘം കൊല്‍ക്കത്തയില്‍ പിടിയില്‍. ജനിച്ച് വീഴുന്ന കുട്ടികളെ കാര്‍ഡ്‌ബോഡ് പെട്ടികളില്‍ പൊതിഞ്ഞാണ് ഇവര്‍ കുട്ടികളെ കടത്തുന്നത്. കൊല്‍ക്കത്തയിലെ ഒരു സ്വകാര്യ ആസ്പത്രിയിലാണ് സംഭവം.
ആസ്പത്രി ഉടമ അടക്കം എട്ട് പേരാണ് ഇതിനു പിന്നിലെന്ന് പോലീസ് പറയുന്നു. കുട്ടികളെ കടത്തുന്നുണ്ടെന്ന വിവരം ലഭിച്ച പോലീസ് സംഘത്തിലെ ഒരു കണ്ണിയായ നസാമാ ബിവിയെ ബദൂരയില്‍ നിന്ന് പിടികൂടിയിരുന്നു.
മറ്റുള്ളവരെ ആസ്പത്രിയിലെത്തിയാണ് പോലീസ് പിടികൂടിയത്. ആസ്പത്രിയില്‍ നടത്തിയ കൂടുതല്‍ തിരച്ചിലില്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് പോലീസിന് ലഭിച്ചത്. മരുന്ന് സൂക്ഷിക്കുന്ന മുറിയില്‍ നിന്നും മൂന്ന് കുട്ടികളെ കാര്‍ഡ്‌ബോഡ് പെട്ടിയില്‍ പൊതിഞ്ഞ നിലയില്‍ പോലീസ് കണ്ടെത്തി.
വിവാഹം കഴിക്കാതെ ഗര്‍ഭിണികളാകുന്ന യുവതികള്‍ ഗര്‍ഭച്ഛിദ്രത്തിനെത്തുന്ന സ്ത്രീകളെ അതില്‍ നിന്നും പിന്തിരിപ്പിച്ച് പ്രസവിക്കാന്‍ പ്രേരിപ്പിക്കും. പ്രസവിക്കുന്ന കുട്ടികളെ അന്ന് തന്നെ അടുത്ത നഗരമായ ബാസിര്‍ഹാത്തില്‍ എത്തിക്കുന്നു.
ആണ്‍ കുട്ടിയാണെങ്കില്‍ മൂന്ന് ലക്ഷം രൂപയും പെണ്‍കുട്ടിയാണെങ്കില്‍ ഒരു ലക്ഷം രൂപയുമാണ് ആസ്പത്രി അധികൃതര്‍ നല്‍കുന്നത്. കഴിഞ്ഞ മൂന്ന് വര്‍ഷമായി ഈ റാക്കറ്റ് സജീവമാണെന്നും പോലീസ് പറയുന്നു.