ന്യൂഡല്‍ഹി: തീരസംരക്ഷണ സേനാംഗങ്ങള്‍ക്ക് രക്ഷാപ്രവര്‍ത്തനത്തിലും മലിനീകരണ നിയന്ത്രണ പ്രവര്‍ത്തനങ്ങളിലും പരിശീലനം നല്‍കാന്‍ തയ്യാറാണെന്ന് അമേരിക്ക. ഇന്ത്യന്‍ തീരസംരക്ഷണസേനാ ഡയറക്ടര്‍ ജനറല്‍ രാജേന്ദ്ര സിങ്ങും അമേരിക്കന്‍ വൈസ് അഡ്മിറല്‍ ജോസഫ് റിക്സിയും ന്യൂഡല്‍ഹിയില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് വാഗ്ദാനം.
പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍ അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി ആഷ്റ്റണ്‍ കാര്‍ട്ടറുമായി അടുത്തയാഴ്ച നടത്തുന്ന കൂടിക്കാഴ്ചയ്ക്ക് ശേഷമായിരിക്കും ഇക്കാര്യത്തല്‍ അന്തിമ തീരുമാനമെടുക്കുക. ലോകത്തെ തന്നെ ഏറ്റവും പ്രബലമായ തീരസംരക്ഷണ സേനയാണ് അമേരിക്കയുടേത്.
തീരസംരക്ഷണ സേനാംഗങ്ങളുടെ എണ്ണം വര്‍ധിപ്പിക്കാനും അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാനും കേന്ദ്രസര്‍ക്കാര്‍ പദ്ധതിയിടുന്നതിന്റെ തുടര്‍ച്ചയാണ് അമേരിക്കന്‍ സഹകരണം എന്നാണ് സൂചന. ഭീകരവാദവും, പാകിസ്താനില്‍ നിന്നുള്ള മയക്ക് മരുന്ന് കള്ളക്കടത്തും വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ തീരസേനയെ കൂടുതല്‍ സജീവമാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. ഇന്ത്യയുമായി സൈനിക - ആയുധ സഹകരണം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് തീരസംരക്ഷണ സേനാംഗങ്ങളെ പരിശിലിപ്പിക്കാമെന്ന അമേരിക്കയുടെ വാഗ്ദാനമെന്ന് വിലയിരുത്തപ്പെടുന്നു.
Share this Article
Related Topics