ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്രു യൂണിവേഴ്‌സിറ്റി (ജെ.എന്‍.യു) വില്‍നിന്ന് കാണാതായ വിദ്യാര്‍ഥി നജീബ് അഹമ്മദിനെ അലിഗഡില്‍ കണ്ടുവെന്ന് അവകാശപ്പെടുന്ന കത്തിനെക്കുറിച്ച് പോലീസ് അന്വേഷണം തുടങ്ങി.
ജെ.എന്‍.യുവിലെ ഹോസ്റ്റലിലാണ് അലിഗഡ് സ്വദേശിനിയുടേതെന്ന് അവകാശപ്പെടുന്ന കത്ത് ലഭിച്ചത്. അലിഗഡിലെ മാര്‍ക്കറ്റില്‍വച്ച് നജീബ് അഹമ്മദിനെ കണ്ടുവെന്ന് സ്ത്രീ കത്തില്‍ അവകാശപ്പെടുന്നതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
തന്നെ ചിലര്‍ തടഞ്ഞുവച്ചിരുന്നതാണെന്നും അവിടെനിന്ന് രക്ഷപെട്ടുവെന്നും നജീബ് പറഞ്ഞുവെന്ന് സ്ത്രീ അവകാശപ്പെടുന്നു. അതിനുശേഷം യുവാവിനെ കണ്ടില്ലെന്നാണ് സ്ത്രീ പറയുന്നത്. എവിടേക്കെങ്കിലും പോയോ ആരെങ്കിലും കൂട്ടിക്കൊണ്ടുപോയോ എന്നറിയില്ല.
കൂടുതല്‍ വിവരങ്ങള്‍ക്കായി തന്റെ ബന്ധപ്പെടാനുള്ള വിലാസവും സ്ത്രീ കത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഹോസ്റ്റല്‍ അധികൃതര്‍ നജീബ് അഹമ്മദിന്റെ മാതാവ് ഫാത്തിമ നഫീസിന് കൈമാറിയ കത്ത് അവര്‍ ക്രൈം ബ്രാഞ്ചിനെ ഏല്‍പ്പിച്ചു. കത്തില്‍ പറയുന്ന മേല്‍വിലാസത്തില്‍ ക്രൈം ബ്രാഞ്ച് ബന്ധപ്പെട്ടുവെങ്കിലും സ്ത്രീയെക്കുറിച്ചുള്ള വിവരങ്ങളൊന്നും ലഭിച്ചില്ല. കത്ത് ജെ.എന്‍.യുവിലെ ഹോസ്റ്റലില്‍ എത്തിച്ച കൊറിയര്‍ സ്ഥാപനത്തിന്റെ സഹായത്തോടെ പോലീസ് അന്വേഷണം നടത്തുന്നുണ്ട്.
Share this Article
Related Topics