ന്യൂഡല്‍ഹി: ജെ.എന്‍.യുവില്‍ കാണാതായ വിദ്യാര്‍ഥി നജീബിനെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് നടക്കുന്ന പ്രക്ഷോഭത്തിന് ശക്തി പകര്‍ന്ന് കനയ്യകുമാറിന്റെ പ്രസ്താവന. ജെ.എന്‍.യു കാമ്പസില്‍ 3000 കോണ്ടം കണ്ടെത്താന്‍ സര്‍ക്കാര്‍ കാണിച്ച സാമര്‍ത്ഥ്യം കാണാതായ നജീബിനെ കണ്ടെത്താന്‍ എടുക്കുന്നില്ലെന്നാണ് വിദ്യാര്‍ഥി സംഘടനയായ എ.ഐ.എസ്.എഫ് നേതാവ് കനയ്യ കുമാര്‍ പരിഹസിച്ചത്.
തന്റെ ബീഹാര്‍ ടു തീഹാര്‍ എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങിനിടെയാണ് കനയ്യ സര്‍ക്കാരിനെതിരെ രൂക്ഷമായ വിമര്‍ശനം ഉന്നയിച്ചത്. രാജ്യദ്രോഹം ആരോപിച്ച് ജയിലില്‍ അടയ്ക്കപ്പെട്ട സമയത്തെ അനുഭവങ്ങള്‍ വിവരിക്കുന്നതാണ് ബീഹാര്‍ ടു തീഹാര്‍ എന്ന പുസ്തകം.
കോണ്ടത്തിന്റെ എണ്ണമെടുക്കാന്‍ കാണിച്ച താല്‍പര്യം കാണാതായ ഒരു വിദ്യാര്‍ഥിയെ കണ്ടെത്തുന്നതില്‍ അവര്‍ കാണിക്കുന്നില്ലെന്നും കനയ്യ പറഞ്ഞു. അവര്‍ക്ക് ഇത്തരം കാര്യങ്ങള്‍ കണ്ടെത്തുന്നതിലാണ് സാമര്‍ത്ഥ്യം.
ജെ.എന്‍.യുവില്‍ എ.ബി.വി.പി പ്രവര്‍ത്തകരുമായുള്ള കലഹത്തിനു ശേഷം ഒക്ടോബര്‍ 14നാണ് വിദ്യാര്‍ഥിയായ നജീബ് മുഹമ്മദിനെ കാണാതായത്. നജീബിനെ കാണാതായതുമുതല്‍ വിദ്യാര്‍ഥി സംഘടനകളടക്കമുള്ളവര്‍ രാജ്യവ്യാപകമായി സമരപരിപാടികള്‍ നടത്തിവരികയാണ്.
ഫിബ്രവരിയില്‍ ബി.ജെ.പി എം.എല്‍.എ ഗ്യാന്‍ദേവ് അഹൂജ ജെ.എന്‍.യുവിനെ പരിഹസിച്ച് രംഗത്തെത്തിയിരുന്നു. 3000 ഉപയോഗിച്ച കോണ്ടങ്ങളും 3000 ബിയര്‍ കുപ്പികളും 2000 മദ്യക്കുപ്പികളും 10000 സിഗരറ്റ് കുറ്റികളും 4000 ബീഡികളും കണ്ടെത്തിയ ജെ.എന്‍.യുവിന്റെ മഹത്വം എല്ലാവര്‍ക്കും അറിയാമെന്നായിരുന്നു അഹൂജയുടെ പരിഹാസം. ഇത് ചൂണ്ടിക്കാട്ടിയാണ് കനയ്യകുമാറിന്റെ പുതിയ പരാമര്‍ശം.