ന്യൂഡല്‍ഹി: കാണാതായ ജെ.എന്‍.യു വിദ്യാര്‍ഥി നജീബ് അഹമ്മദിന്റെ അമ്മയ്ക്കും സഹോദരിക്കും നേരെ ന്യൂഡല്‍ഹിയില്‍ നടന്ന പ്രതിഷേധ മാര്‍ച്ചിനിടെ പോലീസിന്റെ ബലപ്രയോഗം. നജീബിന്റെ അമ്മ ഫാത്തിമ നഫീസിനെ പ്രക്ഷോഭത്തില്‍ പങ്കെടുത്ത മറ്റ് വിദ്യാര്‍ഥികള്‍ക്കൊപ്പം വലിച്ചിഴച്ച് പോലീസ് ബസ്സില്‍ കയറ്റി. വിവരമറിഞ്ഞ് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാള്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ രൂക്ഷ വിമര്‍ശം ഉന്നയിച്ചു. ഇതോടെ നജീബിന്റെ അമ്മയെയും സഹോദരിയെയും പോലീസ് വിട്ടയച്ചു.
ഇന്ത്യാ ഗേറ്റില്‍ നടന്ന പ്രക്ഷോഭത്തില്‍ പങ്കെടുത്ത 200 ഓളം വിദ്യാര്‍ഥികളെയാണ് ഡല്‍ഹി പോലീസ് കസ്റ്റഡിയിലെടുത്തത്. നജീബ് അഹമ്മദിനെ കണ്ടെത്തുന്നതില്‍ അധികൃതര്‍ പരാജയപ്പെട്ടുവെന്ന് ആരോപിച്ചാണ് വിദ്യാര്‍ഥികള്‍ ഇന്ത്യാഗേറ്റില്‍ പ്രതിഷേധ പ്രകടനം നടത്തിയത്.
നേരത്തെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയെ സന്ദര്‍ശിച്ച് ജെ.എന്‍.യു വിഷയം ശ്രദ്ധയില്‍പെടുത്തിയിരുന്നു. ആഭ്യന്തര മന്ത്രാലയത്തിന്റെയും ജെ.എന്‍.യു അധികൃതരുടെയും റിപ്പോര്‍ട്ട് തേടുമെന്ന് രാഷ്ട്രപതി ഉറപ്പ് നല്‍കിയതായി കൂടിക്കാഴ്ചയ്ക്കുശേഷം കെജ്‌രിവാള്‍ മാധ്യമങ്ങളെ അറിയിച്ചിരുന്നു. ജെ.എന്‍.യുവിലെ സ്ഥിതിഗതികള്‍ സംബന്ധിച്ച നിവേദനവും കെജ്‌രിവാള്‍ രാഷ്ട്രപതിക്ക് സമര്‍പ്പിച്ചിരുന്നു.
Share this Article
Related Topics