ന്യൂഡല്‍ഹി: എട്ടാംക്ലാസുവരെ വിദ്യാര്‍ഥികള്‍ മാതൃഭാഷയില്‍ പഠിച്ചാല്‍ മതിയെന്ന് എന്‍.സി.ഇ.ആര്‍.ടി നിര്‍ദ്ദേശം. കേന്ദ്ര സര്‍ക്കാരിന്റെ പുതിയ ദേശിയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായാണ് എന്‍.സി.ഇ.ആര്‍.ടി പുതിയ നിര്‍ദ്ദേശം സമര്‍പ്പിച്ചത്.നല്‍കിയത്. പുതിയ വിദ്യാഭ്യാസ നയം രൂപീകരിക്കുന്നതിനായി കേന്ദ്രസര്‍ക്കാര്‍ വിവിധ സംഘടനകള്‍, വ്യക്തികള്‍, പാര്‍ലമെന്റ് അംഗങ്ങള്‍, സംസ്ഥാനങ്ങള്‍ എന്നിവരില്‍ നിന്ന് അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും തേടിയിരുന്നു.
പ്രൈമറി തലം മുതല്‍ ഉന്നത വിദ്യാഭ്യാസ മേഖലവരെ സമൂലമായ മാറ്റങ്ങള്‍ ലക്ഷ്യമിട്ടാണ് കേന്ദ്രസര്‍ക്കാര്‍ പുതിയ വിദ്യാഭ്യാസ നയം കൊണ്ടുവരാനൊരുങ്ങുന്നത്. ഇതിലേക്കാണ് എന്‍.സി.ഇ.ആര്‍.ടി എട്ടാം ക്ലാസുവരെ മാതൃഭാഷയിലുള്ള പഠനം നിര്‍ബന്ധമാക്കണമെന്ന് ആവശ്യപ്പെട്ടത്. മുന്‍ മാനവ വിഭവശേഷി മന്ത്രി സ്മൃതി ഇറാനിയാണ് വിദ്യാഭ്യാസ നയം കൊണ്ടുവരാനുള്ള നീക്കങ്ങള്‍ ആരംഭിച്ചത്. പിന്നീട് വന്ന പ്രകാശ് ജാവ്‌ദേക്കര്‍ ഇതിനായുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുകയായിരുന്നു.
വിദ്യാഭ്യാസ നയത്തിലേക്കുള്ള നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാനുള്ള സമയം സെപ്തംബര്‍ 30 ന് അവസാനിച്ചിരുന്നു. വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി യോഗയും സംസ്‌കൃതവും നിര്‍ബന്ധമാക്കണമെന്ന നിര്‍ദ്ദേശത്തില്‍ ന്യൂനപക്ഷ സംഘടനകള്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു. സ്‌കൂള്‍ സമയം, കായിക വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങളിലും നിരവധി നിര്‍ദ്ദേശങ്ങള്‍ വന്നിട്ടുണ്ട്. 1992 ന് ശേഷം വിദ്യാഭ്യാസ നയത്തില്‍ കാതലായ മാറ്റങ്ങള്‍ വന്നിട്ടില്ല. മുന്‍ കാബിനെറ്റ് സെക്രട്ടറി ടി.സി.ആര്‍ സുബ്രഹ്മണ്യന്‍ തലവനായ കമ്മിറ്റിക്കാണ് വിദ്യാഭ്യാസ നയപരിഷ്‌കരണത്തിന്റെ ചുമതല.
Share this Article
Related Topics