ലഖ്നൗ: ഉത്തര്‍പ്രദേശില്‍ രാഷ്ട്രീയ മാറ്റത്തിന് കാരണമാകുന്ന തരത്തില്‍ ഭരണകക്ഷിയായ സമാജ് വാദി പാര്‍ട്ടി പിളര്‍പ്പിലേക്കെന്ന് സൂചന. താനുള്‍പ്പെടെ നാലു പേരെ അഖിലേഷ് മന്ത്രിസഭയില്‍ നിന്ന് പുറത്താക്കിയതിന് പിന്നാലെ അഖിലേഷ് യാദവിനെ നേതാവായി അംഗീകരിക്കില്ലെന്ന് പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ശിവ്പാല്‍ യാദവ് വ്യക്തമാക്കി.
തൊട്ടുപിന്നാലെ അഖിലേഷിന്റെ അനുയായി രാം ഗോപാല്‍ യാദവിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതായി ശിവ്പാല്‍ യാദവ് അറിയിച്ചു. ആറ് വര്‍ഷത്തേക്കാണ് രാംഗോപാല്‍ യാദവിനെ പുറത്താക്കിയത്. അഖിലേഷിനെ പിന്തുണച്ച് പാര്‍ട്ടി അംഗങ്ങള്‍ക്ക് കത്തെഴുതിയതിനാണ് നടപടി. ശിവ്പാല്‍ യാദവിനെ കുറ്റപ്പെടുത്തിയാണ് കത്ത്. അഖിലേഷിനെ പിന്തുണച്ചാല്‍ വരുന്ന തിരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാനാകുമെന്നാണ് രാം ഗോപാല്‍ യാദവ് കത്തെഴുതിയത്.
സമാനമായ രീതിയില്‍ മുലായം സിങ്ങിന് കത്തെഴുതിയ അഖിലേഷിന്റെ മറ്റൊരു വിശ്വസ്തന്‍ ഉദയ് വീര്‍ സിങ്ങിനെയും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നു. ശിവ്പാല്‍ യാദവ് അടക്കമുള്ളവരാണ് അഖിലേഷിനെതിരെ ഗൂഡാലോചന നടത്തുന്നതെന്ന് ആരോപിച്ചാണ് അഖിലേഷിന്റെ വിശ്വസ്തനായ എം.എല്‍.സി ഉദയ് സിങ്ങ് മുലായത്തിന് കത്തയച്ചത്. എന്നാല്‍ പാര്‍ട്ടിക്കെതിരെ പ്രവര്‍ത്തിക്കുന്നുവെന്ന് ആരോപിച്ച് മുലായം സിങ്ങ് ഉദയ് സിങ്ങിനെ ആറ് വര്‍ഷത്തേക്ക് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുകയാണുണ്ടായത്.
ഇതേത്തുടര്‍ന്ന് അഖിലേഷ് ശിവ്പാല്‍ യാദവടക്കം നാല്പേരെ അഖിലേഷ് ഇന്ന് മന്ത്രിസഭയില്‍ നിന്ന് പുറത്താക്കുകയായിരുന്നു. ഇന്ന് രാവിലെ വിളിച്ച എം.എല്‍.എമാരുടെയും എം.എല്‍.സിമാരുടെയും യോഗത്തിലാണ് അഖിലേഷ് തീരുമാനമറിയിച്ചത്. ശിവപാലിനൊപ്പം നില്‍ക്കുന്നവര്‍ക്ക് പുറത്തുപോകാമെന്നും യോഗത്തില്‍ അഖിലേഷ് വ്യക്തമാക്കി. അതേസമയം താന്‍ മുലായത്തിനൊപ്പം തന്നെയാണെന്നും പുറത്തുനിന്ന് വന്നവരാണ് പ്രശ്‌നക്കാരെന്നുമുള്ള തന്ത്രപരമായ നിലപാടും യോഗത്തില്‍ അഖിലേഷെടുത്തു.
നാടകീയമായ രംഗങ്ങള്‍ക്കാണ് ഉത്തര്‍പ്രദേശ് രാഷ്ട്രീയം സാക്ഷ്യം വഹിക്കുന്നത്. രണ്ട് ദിവങ്ങള്‍ക്കിടെ പാര്‍ട്ടിയുടെ രണ്ട് മുതിര്‍ന്ന നേതാക്കളെയാണ് പുറത്താക്കിയിരിക്കുന്നത്. അഖിലേഷിനെ പിന്തുണയ്ക്കുന്നവര്‍ പുതിയ പാര്‍ട്ടി രൂപീകരിക്കാനുള്ള ശ്രമത്തിലാണെന്നാണ് വിവരം. പ്രോഗ്രസീവ് സമാജ് വാദി പാര്‍ട്ടി എന്നപേരാണ് പുതിയ പാര്‍ട്ടിക്കായി ആലോചിക്കുന്നത്. തിരഞ്ഞെടുപ്പ് ചിഹ്നമായി ബൈക്കാണ് ഇവര്‍ തിരഞ്ഞെടുക്കുകയെന്നും വിവരമുണ്ട്. സമാജ് വാദി പാര്‍ട്ടിയുടെ ചിഹ്നമായ സൈക്കിളിന് സമാനമായ ചിഹ്നമാണ് ബൈക്ക്.
അതിനിടെ രാംഗോപാല്‍ യാദവ് ബിജെപിയുമായി മൂന്നതവണ കൂടിക്കാഴ്ച നടത്തിയെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. എന്നാല്‍ അഴിമതിക്കേസില്‍ നിന്ന് തടിയൂരാനുള്ള നീക്കമാണ് രാംഗോപാല്‍ നടത്തുന്നതെന്ന് ശിവ്പാല്‍ യാദവ് ആരോപിച്ചു.
മുലായം സിങ്ങും മകന്‍ അഖിലേഷും തമ്മില്‍ നടക്കുന്ന മറനീക്കി പുറത്തുവന്നതോടെയാണ് പാര്‍ട്ടിയിലെ പ്രശ്നങ്ങള്‍ രൂക്ഷമായത്. പലതവണ അനുരഞ്ജന ശ്രമങ്ങള്‍ നടന്നിട്ടും കൂടുതല്‍ പ്രതിസന്ധികളിലേക്ക് നീങ്ങുകയാണ് സമാജ്വാദി. പ്രശ്‌നപരിഹാരത്തിന് മുലായം സിങ്ങ് നാളെ എം.എല്‍.എ മാരുടെ യോഗം വിളിക്കാനിരിക്കെയാണ് പാര്‍ട്ടിയിലെ പ്രശ്നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമായിരിക്കുന്നത്.