ലക്‌നൗ: ഉത്തര്‍പ്രദേശില്‍ നിയമസഭാ തിരഞ്ഞെടുപ്പ് അടുക്കാനിരിക്കെ ഭരണകക്ഷിയായ സമാജ് വാദി പാര്‍ട്ടിയിലെ ഭിന്നത രൂക്ഷമാകുന്നു. മുഖ്യമന്ത്രി അഖിലേഷ് യാദവിനെ പിന്തുണച്ച് മുലായം സിങിന് കത്തയച്ച എംഎല്‍എസി ഉദയ്‌വീര്‍ സിങിനെ പാര്‍ട്ടിയില്‍ നിന്ന് ആറു വര്‍ഷത്തേക്ക് പുറത്താക്കി.
മുലായം സിങ് യാദവിനോട് മകന്‍ അഖിലേഷ് യാദവിനായി പാര്‍ട്ടി നേതൃസ്ഥാനത്ത് നിന്ന് ഒഴിഞ്ഞ് കൊടുക്കാന്‍ ആവശ്യപ്പെട്ടായിരുന്നു ഉദയ് വീര്‍ സിങിന്റെ കത്ത്. പാര്‍ട്ടിയുടെ ദേശീയ പ്രസിഡന്റ് സ്ഥാനവും മറ്റു അധികാരങ്ങളും അഖിലേഷിന് നല്‍കാന്‍ കത്തില്‍ ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ തന്നെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതായിട്ടുള്ള ഔദ്യോഗിക അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്നും കത്തിലൂടെ ഞാന്‍ പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും ഉദയ്‌വീര്‍ സിങ് മാധ്യമങ്ങളോട് പ്രതികരിച്ചു.
ഞാന്‍ മുഖ്യമന്ത്രിയോടപ്പം എല്ലായ്‌പ്പോഴും ഉറച്ച് നില്‍ക്കുന്നുവെന്നും പറഞ്ഞ കാര്യങ്ങള്‍ നേതൃത്വം മനസ്സിലാക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മുലായത്തിന്റെ സഹോദരനും പാര്‍ട്ടി സംസ്ഥാന അധ്യക്ഷനുമായ ശിവ്പാല്‍ യാദവും മുലായത്തിന്റെ രണ്ടാം ഭാര്യയും അടക്കമുള്ളവര്‍ അഖിലേഷിനെതിരെ ഗൂഢാലോചന നടത്തുന്നെന്നും ഉദയ്‌വീര്‍ മുലായത്തിന് അയച്ച കത്തില്‍ ആരോപിച്ചിരുന്നു. ഈ കത്ത് മാധ്യമങ്ങളിലൂടെ പുറത്തായതോടെയാണ് ഉദയ്‌വീറിനെ പാര്‍ട്ടിയില്‍ നിന്ന് ആറു വര്‍ഷത്തേക്ക് പുറത്താക്കിയത്.
Share this Article
Related Topics