കൊച്ചി: തിരുനെല്‍വേലിയില്‍ നിന്ന് എന്‍.ഐ.എ കസ്റ്റഡിയിലെടുത്ത തൊടുപുഴ സ്വദേശി സുബ്ഹാനി ഐ.എസിനുവേണ്ടി യുദ്ധം ചെയ്തയാള്‍. ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) നടത്തിയ ചോദ്യംചെയ്യലില്‍ സുബ്ഹാനി തന്നെയാണ് ഇക്കാര്യം സമ്മതിച്ചത്. തനിക്ക് ഐ.എസ്. നേരിട്ട് പരിശീലനം നല്‍കിയതായും സുബ്ഹാനി എന്‍.ഐ.എയോട് വെളിപ്പെടുത്തിയതായാണ് വിവരം. താന്‍ ഐ.എസിന് വേണ്ടി രണ്ടാഴ്ചയോളം യുദ്ധമുഖത്തുണ്ടായിരുന്നതായും ഇതിന് മാസം നൂറ് ഡോളര്‍ സഹായം ലഭിച്ചുവെന്നും സുബ്ഹാനി സമ്മതിച്ചു.
കഴിഞ്ഞ വര്‍ഷം ഏപ്രില്‍ എട്ടിനാണ് സുബ്ഹാനി തൊടുപുഴയില്‍ നിന്ന് ഇറാഖിലേക്ക് പോയത്. ചെന്നൈയില്‍ നിന്ന് ഇസ്താംബൂളിലേയ്ക്ക് പോയ ഇയാള്‍ അവിടെ നിന്നും പാകിസ്താന്‍, അഫ്ഗാനിസ്താന്‍ സ്വദേശികള്‍ക്കൊപ്പം മൊസൂളിലേയ്ക്ക് പോയി ഐ.എസില്‍ ചേരുകയായിരുന്നുവെന്നാണ് എന്‍.ഐ.എ അധികൃതര്‍ക്ക് ലഭിച്ച വിവരം.
രണ്ട് മാസത്തെ പരിശീലനത്തിന്ശേഷമാണ് ഇയാള്‍ ഐ.എസിനുവേണ്ടി രണ്ടാഴ്ച യുദ്ധമുഖത്ത് പ്രവര്‍ത്തിച്ചത്.
കഴിഞ്ഞ സപ്തംബറില്‍ കേരളത്തില്‍ തിരിച്ചെത്തിയ ഇയാള്‍ ഐ.എസിലേക്ക് കേരളത്തില്‍ നിന്നും ആളുകളെ റിക്രൂട്ട് ചെയ്യുന്നതിന് വേണ്ടി പ്രവര്‍ത്തിച്ചതായും എന്‍.ഐ.എ പറയുന്നു. നവമാധ്യമങ്ങളിലൂടെയായിരുന്നു റിക്രൂട്ട്‌മെന്റ്.
കേരളത്തിലും ഇന്ത്യയിലെ വിവിധ ഭാഗങ്ങളിലും ഇവര്‍ അക്രമം നടത്താന്‍ പദ്ധതിയിട്ടിരുന്നതായും എന്‍.ഐ.എ അധികൃതര്‍ സൂചിപ്പിക്കുന്നു. പിടിയിലായ സുബ്ഹാനി തമിഴ്‌നാട്ടിലെ വിവിധ ഭാഗങ്ങളില്‍ നിന്ന് അക്രമ പദ്ധതികള്‍ക്കായി ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും ശേഖരിക്കാന്‍ ശ്രമിച്ചതായും സൂചനയുണ്ട്.
സുബ്ഹാനി പിടിയിലായതോടെ കേരളത്തിലും ഐ.എസിന്റെ സജീവമായ പ്രവര്‍ത്തനങ്ങളിലേക്കാണ് വിരല്‍ചൂണ്ടുന്നത്. കൊച്ചിയിലെ പ്രത്യേക എന്‍.ഐ.എ കോടതിയില്‍ ഹാജരാക്കിയ ഇയാളെ കൂടുതല്‍ ചോദ്യം ചെയ്യലിനായി കസ്റ്റഡിയില്‍ വാങ്ങിയതായും അധികൃതര്‍ അറിയിച്ചു.