ന്യൂഡല്‍ഹി: ടാറ്റയുടെ നാനോ കാര്‍ ഫാക്ടറിക്കായി ബംഗാളിലെ സിംഗൂരില്‍ 1000 ഏക്കര്‍ ഭൂമി വിട്ട് നല്‍കിയ നടപടി സുപ്രീം കോടതി റദ്ദാക്കി. മൂന്ന് മാസത്തിനകം ഭൂമി ഏറ്റെടുത്ത് കര്‍ഷകര്‍കര്‍ക്ക് തിരിച്ച് നല്‍കുന്നതിനുള്ള നടപടി എടുക്കാനും ബംഗാള്‍ സര്‍ക്കാരിന് സുപ്രീംകോടതി നിര്‍ദേശിച്ചു.
ഭൂമി ഏറ്റെടുത്ത് നല്‍കിയത് പലകാരണങ്ങളാല്‍ നിയമപരല്ലെന്നാണാണ് സുപ്രീംകോടതി നിരീക്ഷിച്ചത്. 2006ല്‍ ബുദ്ധദേവ് ഭട്ടചാര്യയുടെ നേതൃത്വത്തിലുള്ള ഇടത് സര്‍ക്കാരാണ് കര്‍ഷകരുടെ ഭൂമി ടാറ്റക്കായി ഏറ്റെടുത്ത് നല്‍കിയത്.
തുടര്‍ന്ന് കര്‍ഷകരുടെ ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് 2008ല്‍ നാനോ ഫാക്ടറി ഗുജറാത്തിലേക്ക് ടാറ്റ ഗ്രൂപ്പ് മാറ്റിസ്ഥാപിച്ചിരുന്നു.
അന്നത്തെ പ്രതിപക്ഷ നേതാവായിരുന്ന മമതാ ബാനര്‍ജിയുടെ നേതൃത്വത്തിലായിരുന്നു കര്‍ഷകരുടെ സമരം. തുടര്‍ന്ന് നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഈ വിഷയം മുന്‍ നിര്‍ത്തി പ്രചാരണം നടത്തിയ തൃണമൂല്‍ കോണ്‍ഗ്രസ് നീണ്ടകാലത്തെ ഇടത് ഭരണത്തിന് അന്ത്യംകുറച്ച് അധികാരത്തിലെത്തിയിരുന്നു.
മുഖ്യമന്ത്രി സ്ഥാനത്തെത്തിയ മമതാ ബാനര്‍ജി 2011 ല്‍ ടാറ്റക്ക് ഭൂമി വിട്ട് നല്‍കിയ നടപടി റദ്ദാക്കിയിരുന്നെങ്കിലും ടാറ്റ കമ്പനി കൊല്‍ക്കത്ത ഹൈക്കോടതിയില്‍ നിന്ന് അനുകൂല വിധി സമ്പാദിച്ചു.
തുടര്‍ന്നാണ് കേസ് സുപ്രീകോടതിയില്‍ എത്തിയിരിക്കുന്നത്. ബംഗാളില്‍ തിരിച്ചടി നേരിട്ട് കൊണ്ടിരിക്കുന്ന ഇടതുപക്ഷത്തിന് സുപ്രീകോടതി വിധി മറ്റൊരു ഇരുട്ടടിയായിരിക്കുകയാണ്.
വിധിയില്‍ സന്തോഷമുണ്ട്,ഇനി മനഃസമാധാനത്തേടെ മരിക്കാമെന്നും കുറേ നാളുകളായി ഈ ദിവസത്തിനായി കാത്തിരിക്കുകയായിരുന്നുവെന്നും ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി പറഞ്ഞു. ഭൂമി തിരിച്ചെടുത്ത് കര്‍ഷകര്‍ക്ക് നല്‍കുന്നതുമായി ബന്ധപ്പെട്ടുള്ള ഭാവി നീക്കങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ നാളെ നാലു മണിക്ക് മമത യോഗം വിളിച്ചിട്ടുണ്ട്.