കൊല്‍ക്കത്ത: പശ്ചിമ ബംഗാളിന്റെ പേര് മാറ്റാനുള്ള മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ നിര്‍ദേശം ക്യാബിനറ്റ് അംഗീകരിച്ചു. പശ്ചിമ ബംഗാള്‍ എന്നത് മാറ്റി ഇംഗ്ലീഷില്‍ ബംഗാള്‍ എന്നും ബംഗാളിയില്‍ ബംഗ്ലാ എന്നോ ബംഗാ എന്നോ മാറ്റുന്നതിനുള്ള നിര്‍ദേശമാണ് അംഗീകരിച്ചത്.
ഇനി പശ്ചിമ ബംഗാള്‍ നിയമസഭ നിര്‍ദേശത്തെ അംഗീകരിച്ചാല്‍ ഇത് പാര്‍ലമെന്റില്‍ അവതരിപ്പിക്കും. ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ അടുത്തുതന്നെ പ്രത്യേക നിയമസഭ ചേരുന്നുണ്ട്. തൃണമൂല്‍ കോണ്‍ഗ്രസിന് മൃഗീയ ഭൂരിപക്ഷമുള്ള ബംഗാള്‍ നിയമസഭയില്‍ അംഗീകാരം കിട്ടുമെന്നുറപ്പാണ്.
ആഗസ്ത് 26ന് സര്‍വകക്ഷി യോഗം ചേരുന്നുണ്ടെന്നും എല്ലാ പാര്‍ട്ടി നേതാക്കളുമായും ചര്‍ച്ചചെയ്യുമെന്നും ബംഗാള്‍ വിദ്യാഭ്യാസ മന്ത്രി പാര്‍ഥ ചാറ്റര്‍ജി പറഞ്ഞു. സംസ്ഥാനത്തിന്റെ പാരമ്പര്യവും താല്‍പര്യവും കണക്കിലെടുത്താണ് പേരുമാറ്റാന്‍ തീരുമാനിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം വെസ്റ്റ് ബംഗാള്‍ (West Bengal) അക്ഷരമാലാ ക്രമത്തില്‍ ഏറ്റവും താഴെ വരുന്നതാണ് മമതാ ബാനര്‍ജിയുടെ പേരുമാറ്റാനുള്ള തീരുമാനത്തിന് പിന്നിലെന്നും സൂചനയുണ്ട്. അടുത്തിടെ നടന്ന ഇന്റര്‍ സ്റ്റേറ്റ് കൗണ്‍സില്‍ യോഗത്തില്‍ തന്റെ ഊഴത്തിനായി ഏറെ കാത്തിരുന്നത് മമതയെ ചൊടിപ്പിച്ചിരുന്നു.
അക്ഷരമാല ക്രമത്തില്‍ ഏറ്റവും താഴെ നില്‍ക്കുന്ന പശ്ചിമ ബംഗാളിന്റെയും തന്റെയും ആവശ്യങ്ങള്‍ക്ക് ശ്രദ്ധകിട്ടുന്നില്ലെന്ന് മമത പറഞ്ഞിരുന്നു. പേര് ബംഗാള്‍ (Bengal) എന്നു ചുരുക്കുന്നതോടെ ഈ പ്രശ്‌നത്തിന് പരിഹാരമാകുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
Share this Article
Related Topics