മുംബൈ:ഹാജി അലി ദര്‍ഗയില്‍ കബറിടമുള്ള മുറിയില്‍ കയറി പ്രാര്‍ത്ഥിക്കാനുള്ള മനുഷ്യാവകാശ പ്രവര്‍ത്തക തൃപ്തി ദേശായിയുടെ ശ്രമം പരാജയപ്പെട്ടു. മുമ്പ് സ്ത്രീകള്‍ക്ക് ആരാധന അനുവദിച്ചിരുന്നിടം വരെ മാത്രമാണ് അവര്‍ക്കു പ്രവേശിക്കാനായത്. ദര്‍ഗയുടെ ഉള്‍ഭാഗത്തു കയറി ആരാധന നടത്താന്‍ അവസരമുണ്ടാകണമെന്നാണു പ്രാര്‍ത്ഥിച്ചതെന്ന് പുറത്തെത്തിയ തൃപ്തി മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.
പോലീസ് ഞങ്ങള്‍ക്കുവേണ്ടി ഇത്തവണ സഹകരിച്ചു. ലിംഗ സമത്വത്തിനായുള്ള പോരാട്ടമാണിത്.- തൃപ്തി കൂട്ടിച്ചേര്‍ത്തു. വ്യാഴാഴ്ച രാവിലെയാണ് കനത്ത സുരക്ഷാ വലയത്തില്‍ തൃപ്തി ദര്‍ഗയിലെത്തിയത്. തൃപ്തിയെയും ഏതാനും വനിതാ സന്നദ്ധ പ്രവര്‍ത്തകരേയും കഴിഞ്ഞമാസം ദര്‍ഗയില്‍ പ്രവേശിക്കുന്നതില്‍നിന്നു വിലക്കിയിരുന്നു.
ദേവാലയങ്ങളില്‍ സ്ത്രീകള്‍ക്ക് പ്രവേശനം നിഷേധിക്കുന്നതിനെതിരെ ദേശായിയും അവരുടെ നേതൃത്വത്തിലുള്ള ഭൂമാതാ ബ്രിഗേഡും ശ്രമിച്ചു വരികയാണ്. ഇതിന്റെ ഭാഗമായാണ് ഹാജി അലി ദര്‍ഗയില്‍ പ്രവേശിക്കാന്‍ അവര്‍ തീരുമാനിച്ചത്.
കഴിഞ്ഞമാസം ദര്‍ഗയില്‍ പ്രവേശിക്കാനുള്ള അവരുടെ ശ്രമത്തിനെതിരെ പ്രദേശവാസികളില്‍നിന്നു ശക്തമായ എതിര്‍പ്പുണ്ടായിരുന്നു. അന്ന് നാട്ടുകാര്‍ തന്റെ കാര്‍ ആക്രമിക്കുകയും തന്നെ കയ്യേറ്റം ചെയ്യാനും ശ്രമിക്കുകയും ചെയ്തുവെന്ന് തൃപ്തി ആരോപിച്ചിരുന്നു. അക്രമസംഭവങ്ങള്‍ തടയുന്നതില്‍ പോലീസ് വീഴ്ച വരുത്തിയെന്നും അവര്‍ കുറ്റപ്പെടുത്തിയിരുന്നു. എന്നാല്‍, ഇക്കുറി മറ്റ് അനിഷ്ടസംഭവങ്ങളൊന്നും ഉണ്ടായില്ല.
Share this Article
Related Topics