ന്യൂഡല്‍ഹി: ചത്തീസ്ഗഢില്‍ വന്‍ മാവോയിസ്റ്റ് വേട്ടയ്ക്ക് പദ്ധതി. നാല് സംസ്ഥാനങ്ങളിലായി വിന്യസിച്ചിരുന്ന 7000 ത്തോളം സി.ആര്.പി.എഫ് ജവാന്മാരെ തിരിച്ചുവിളിച്ച് ചത്തീസ്ഗഢിലെ ബസ്തര്‍ മേഖലയില്‍ വിന്യസിച്ചു കഴിഞ്ഞു. രാജ്യത്ത് ഏറ്റവും അധികം തവണ മാവോയിസ്റ്റ് ആക്രമണം ഉണ്ടായ സ്ഥലമാണ് ബസ്തര്‍.
പശ്ചിമ ബംഗാള്‍, ബീഹാര്‍, ജാര്‍ഖണ്ഡ്, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ നിന്ന് പിന്‍വലിച്ച സൈന്യത്തെ ഉപയോഗിച്ചാണ് ഈ ഓപ്പറേഷന് സന്നാഹമൊരുക്കിയിരിക്കുന്നത്. ബംഗാളില്‍ നിന്ന് മൂന്ന് ബറ്റാലിയനേയും ബിഹാറില്‍ നിന്ന് രണ്ടും യുപിയില്‍ നിന്നും ജാര്‍ഖണ്ഡില്‍ നിന്നുമായി ഒരോ ബറ്റാലിയനേയുമാണ് തിരിച്ചുവിളിച്ചത്. നിലവില്‍ 30 ബറ്റാലിയന് സേനയാണ് ചത്തീസ്ഗഢില്‍ വിന്യസിച്ചിരിക്കുന്നത്. ഓരോ ബറ്റാലിയനിലും ശരാശരി അയിരത്തില്‍ അധികം ജവാന്മാരുണ്ടാകും.
നിലവില്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ തീവ്ര ഇടത് സംഘടനകളുടെ സാന്നിദ്ധ്യം ഉള്ള പ്രദേശങ്ങളില്‍ ഒന്നാണ് ചത്തീസ്ഗഢിലെ തെക്കന്‍ ബസ്തര്‍ പ്രദേശം. ഇതിന് പുറമെ ഒഡീഷയിലെ അതിര്‍ത്തി പ്രദേശങ്ങള്‍, മഹാരാഷ്ട്ര, ആന്ധ്ര എന്നിവിടങ്ങളിലാണ് നക്സല്‍ ഭീഷണികള്‍ കൂടുതലായുള്ളത്. ഇവിടങ്ങളിലും സൈനിക വിന്യാസം ശക്തിപ്പെടുത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
സുക്മ, ദന്തേവാഡ, ബീജാപൂര്‍, കണ്‍കര്‍, കൊണ്ടഗോണ്‍ എന്നിവിടങ്ങളിലും കഴിഞ്ഞ വര്‍ഷങ്ങളില്‍ നക്സല്‍ സാന്നിധ്യം ശക്തമായിട്ടുണ്ട്. ഈ ജില്ലകളിലെ ഉള്‍പ്രദേശങ്ങളില്‍ സൈനിക ക്യാമ്പുകള്‍ ആരംഭിക്കാനാണ് സി.ആര്.പി.എഫിന്റെ നീക്കം. സി.ആര്.പി.എഫിന് ആവശ്യമായ സൗകര്യങ്ങള്‍ ചെയ്തുകൊടുക്കാന്‍ കേന്ദ്രം സംസ്ഥാന സര്‍ക്കാരിന് നിര്‍ദേശം നല്കി കഴിഞ്ഞു.
content highlights: Major anti-Naxal ops likely in Chhattisgarh