ന്യൂഡല്‍ഹി: കല്‍ക്കരിപ്പാടം അഴിമതിക്കേസില്‍ ജാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രി മധു കോഡ, കല്‍ക്കരി മന്ത്രാലയം മുന്‍ സെക്രട്ടറി എച്ച്. സി ഗുപ്ത എന്നിവര്‍ക്ക് മൂന്നുവര്‍ഷം തടവുശിക്ഷ. ന്യൂഡല്‍ഹിയിലെ പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചത്. തടവുശിക്ഷയ്ക്ക് പുറമെ മധു കോഡയ്ക്ക് 25 ലക്ഷവും ഗുപ്തയ്ക്ക് ഒരു ലക്ഷവും പിഴയും ചുമത്തിയിട്ടുണ്ട്. ജാര്‍ഘണ്ഡിലെ മുന്‍ ചീഫ് സെക്രട്ടറി എ.കെ ബസു, കോഡയുടെ വിശ്വസ്തനായി അറിയപ്പെട്ടിരുന്ന വിജയ് ജോഷി എന്നിവര്‍ക്ക് മൂന്നുവര്‍ഷം തടവുശിക്ഷയും കോടതി വിധിച്ചിട്ടുണ്ട്.
ജാര്‍ഖണ്ഡിലെ കല്‍ക്കരിപ്പാടം കൊല്‍ക്കത്ത ആസ്ഥാനമായ സ്വകാര്യ കമ്പനിക്ക് അനുവദിച്ചതുമായി ബന്ധപ്പെട്ട് അഴിമതി, ക്രിമിനല്‍ ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് പ്രത്യേക കോടതി ശിക്ഷ വിധിച്ചിട്ടുള്ളത്. ശിക്ഷാവിധിക്കെതിരെ പ്രതികള്‍ക്ക് ഹൈക്കോടതിയെ സമീപിക്കാം. ഇതിനായി പ്രതികള്‍ക്ക് രണ്ട് മാസത്തെ ജാമ്യം അനുവദിച്ചിട്ടുണ്ട്. കൊല്‍ക്കത്ത ആസ്ഥാനമായ സ്വകാര്യ കമ്പനിക്ക് പ്രത്യേക കോടതി ജഡ്ജി ഭരത് പരാശര്‍ 50 ലക്ഷം രൂപ പിഴ ചുമത്തി. 2007 ജനുവരി എട്ടിനാണ് സ്വകാര്യ കമ്പനി കല്‍ക്കരിപ്പാടം അനുവദിക്കണമെന്ന ആവശ്യവുമായി അപേക്ഷ സമര്‍പ്പിച്ചത്.
സംസ്ഥാനത്തെ സ്റ്റീല്‍ മന്ത്രാലയം കമ്പനിക്ക് അനുകൂലമായ നിലപാട് സ്വീകരിക്കാതിരുന്നിട്ടും സ്‌ക്രീനിങ് കമ്മിറ്റി കമ്പനിക്കുവേണ്ടി ശുപാര്‍ശ ചെയ്തു. സ്‌ക്രീനിങ് കമ്മിറ്റിയുടെ ചെയര്‍മാനായിരുന്ന അന്നത്തെ കല്‍ക്കരി മന്ത്രാലയം സെക്രട്ടറി എച്ച്.സി ഗുപ്ത സുപ്രധാന വിവരങ്ങള്‍ അന്ന് കല്‍ക്കരി മന്ത്രാലയത്തിന്റെ ചുമതലകൂടി വഹിച്ചിരുന്ന മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങില്‍നിന്ന് മറച്ചുവച്ചുവെന്ന് സി.ബി.ഐ കണ്ടെത്തിയിരുന്നു.
Share this Article
Related Topics