ന്യൂഡല്‍ഹി: പാചകവാതക സിലിന്‍ഡറിന് വീണ്ടും വിലകൂടി. ഡല്‍ഹിയില്‍ 2.89 രൂപ വര്‍ധിപ്പിച്ച് സബ്‌സിഡി സിലിന്‍ഡര്‍ ഒന്നിന് 502.40 രൂപയാക്കി. സബ്‌സിഡി ഇല്ലാത്തവയ്ക്ക് സിലിന്‍ഡര്‍ ഒന്നിന് 59 രൂപ കൂട്ടി 871.50 രൂപയാക്കി.
കേരളത്തില്‍ സബ്‌സിഡിയില്ലാത്ത പാചകവാതക സിലിന്‍ഡര്‍ ഒന്നിന് 54 രൂപ വര്‍ധിച്ച് 869.50 രൂപയായിട്ടുണ്ട്. വാണിജ്യ സിലിണ്ടറിന്റെ വില 1450.10 രൂപയില്‍നിന്നും 1497 രൂപയാക്കി വര്‍ധിപ്പിച്ചിട്ടുണ്ട്.
രാജ്യാന്തര വിപണിയിലെ വില, വിദേശ നാണ്യ ഇടപാടിലെ വ്യതിയാനം എന്നിവ വിലയെ സ്വാധീനിക്കുന്നതായി ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ (ഐ.ഒ.സി)പ്രസ്താവനയില്‍ അറിയിച്ചു. എന്നാല്‍ സബ്സിഡി നിരക്കില്‍ ലഭിക്കുന്ന പാചകവാതക സിലിന്‍ഡറിന് 2.89 രൂപ മാത്രമാണ് വര്‍ധിക്കുന്നതെന്നും ഇത് ജി.എസ്.ടി കാരണമാമെന്നും ഐ.ഒ.സി കൂട്ടിച്ചേര്‍ത്തു.
വിലവര്‍ധനയ്ക്ക് ആനുപാതികമായി ഗുണഭോക്താവിന്റെ ബാങ്ക് അക്കൗണ്ടില്‍ എത്തുന്ന സബ്സിഡി തുകയിലും വര്‍ധനയുണ്ടായിട്ടുണ്ട്. സെപ്റ്റംബറില്‍ സിലിണ്ടര്‍ ഒന്നിന് സബ്സിഡിയായി ലഭിച്ചിരുന്ന 320.49 രൂപ ഒക്ടോബറില്‍ 376.60 ആയി ഉയരും.
അതേസമയം പെട്രോള്‍-ഡീസല്‍ വിലയിലും വര്‍ധനവ് ഉണ്ടായിട്ടുണ്ട്. ഡീസല്‍ ലിറ്ററിന് 32 പൈസയും പെട്രോള്‍ ലിറ്ററിന് 25 പൈസയും കൂടി. തിരുവനന്തപുരത്ത് പെട്രോള്‍ വില 87.19 രൂപ, ഡീസല്‍ 80.36. കൊച്ചിയില്‍ പെട്രോള്‍ വില 87.78 രൂപ, ഡീസല്‍ 79.11. കോഴിക്കോട് പെട്രോള്‍ 86.03, ഡീസല്‍ 79.37 രൂപ. എന്നിങ്ങനെയാണ് കേരളത്തിലെ ഇന്ധനവില.