ന്യൂഡല്‍ഹി: അസമിലെ ജനങ്ങളുടെ പൗരത്വം സ്ഥിരീകരിക്കുന്നതിനായി ഇപ്പോള്‍ പുറത്തുവിട്ട ദേശീയ പൗരത്വ രജിസ്റ്ററിന്റെ (എന്‍ആര്‍സി) കരടിന്റെ അടിസ്ഥാനത്തില്‍ ഒരു നടപടിയും സ്വീകരിക്കരുതെന്ന് സുപ്രീം കോടതി. രജിസ്റ്ററില്‍ പേര് ഉള്‍പ്പെടുത്തുന്നതു സംബന്ധിച്ച് സര്‍ക്കാര്‍ സ്വീകരിച്ച നടപടിക്രമങ്ങള്‍ എന്തൊക്കെയെന്ന് വ്യക്തമാക്കണമെന്നും സര്‍ക്കാരിനോട് കോടതി ആവശ്യപ്പെട്ടു.
ഇപ്പോള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത് കരട് പട്ടിക മാത്രമാണ്. പട്ടികയില്‍ പേരില്ലാത്തവരുടെ മേല്‍ ഒരുതരത്തിലുള്ള നടപടിയും സ്വീകരിക്കാന്‍ പാടില്ല. പട്ടികയില്‍ പേരുള്‍പ്പെടുത്തുന്നതിന് അടിസ്ഥാന നടപടിക്രമങ്ങള്‍ പാലിക്കേണ്ടതുണ്ട്. സര്‍ക്കാര്‍ സ്വീകരിച്ച നടപടിക്രമങ്ങള്‍ എന്തൊക്കെയാണെന്ന് ഓഗസ്റ്റ് 16ന് മുന്‍പായി കോടതിയെ അറിയിക്കണം. ഇത് പരിശോധിച്ച ശേഷം എന്തെങ്കിലും മാറ്റം ആവശ്യമാണെങ്കില്‍ അതു ചെയ്യുമെന്നും ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് വ്യക്തമാക്കി.
ദേശീയ പൗരത്വ രജിസ്റ്ററിന്റെ അന്തിമ കരട് തിങ്കളാഴ്ച പ്രസിദ്ധീകരിച്ചപ്പോള്‍ പട്ടികയില്‍നിന്ന് 40 ലക്ഷത്തിലേറെപ്പേര്‍ പുറത്തായിരുന്നു. 3.29 കോടി അപേക്ഷകരില്‍ 2.89 കോടി പേരാണ് പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നത്. ബാക്കിയുള്ള 40.07 ലക്ഷം പേര്‍ക്ക് പൗരത്വം നഷ്ടപ്പെടുമെന്ന അവസ്ഥയാണ് നിലവിലുള്ളത്. ഇത് സംസ്ഥാനത്ത് സ്‌ഫോടനാത്മകമായ സാഹചര്യമാണുണ്ടാക്കിയിരുന്നത്.
പൗരത്വം സംബന്ധിച്ച വിഷയത്തില്‍ സര്‍ക്കാര്‍ മനുഷ്യത്വപരമായ നിലപാട് സ്വീകരിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. അസമില്‍ ജനാധിപത്യാവകാശങ്ങളും മനുഷ്യാവകാശങ്ങളും ലംഘിക്കപ്പെടുന്നതായി ആരോപിച്ച് പ്രതിപക്ഷം ലോക്‌സഭയില്‍നിന്ന് ഇറങ്ങിപ്പോകുകയും ചെയ്തിരുന്നു. രജിസ്റ്ററുമായി ബന്ധപ്പെട്ട പരാതികള്‍ അറിയിക്കാന്‍ ഓഗസ്റ്റ് 30 മുതല്‍ ഒരു മാസത്തെ സമയം അനുവദിക്കുമെന്നും പ്രശ്‌നം രാഷ്ട്രീയവത്കരിക്കരുതെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് പറഞ്ഞു.
Content Highlights: List Is Draft, No Action Against Those Left Out: Supreme Court, NRC