ന്യൂഡല്‍ഹി: ലാവ്‌ലിന്‍ കേസില്‍ സുപ്രീംകോടതി ഏപ്രില്‍ മാസത്തില്‍ അന്തിമവാദം കേള്‍ക്കും. ഇന്ന് കേസ് കോടതിയുടെ പരിഗണനയ്‌ക്കെത്തിയപ്പോള്‍ സിബിഐയ്ക്ക് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മെഹ്ത വിശദമായി വാദം കേള്‍ക്കണമെന്ന ആവശ്യം ഉന്നയിച്ചു. ലാവ്‌ലിന്‍ കേസ് ബൃഹത്താണെന്നും വിശദമായ വാദം ആവശ്യമുണ്ടെന്നും തുഷാര്‍ മെഹ്ത കോടതിയെ അറിയിച്ചു.
സുപ്രീംകോടതി വിശദമായ വാദം കേള്‍ക്കുന്ന ചൊവ്വ മുതല്‍ വ്യാഴം വരെയുള്ള ഏതെങ്കിലും ദിവസം കേസ് പരിഗണിക്കണമെന്ന് തുഷാര്‍ മെഹ്ത ആവശ്യപ്പെട്ടു. തുടര്‍ന്നാണ് ഏപ്രില്‍ ആദ്യവാരമോ രണ്ടാംവാരമോ അന്തിമവാദം കേള്‍ക്കാനുള്ള തീയതി നിശ്ചയിക്കാമെന്ന് ജസ്റ്റിസ് എന്‍ വി രമണ അധ്യക്ഷനായുള്ള ബെഞ്ച് തീരുമാനമറിയിച്ചു. മാര്‍ച്ച് മാസത്തില്‍ ഹോളി പ്രമാണിച്ച് നീണ്ട അവധിയുള്ളതിനാല്‍ വാദം കേള്‍ക്കുന്നത് നീട്ടി വെയ്ക്കണമെന്ന് പിണറായി വിജയന് വേണ്ടി ഹാജരായ അഭിഭാഷകനും ആവശ്യപ്പെട്ടു.
ലാവ്‌നില്‍ കേസിലെ എല്ലാ ഹര്‍ജികളും സുപ്രീം കോടതി ഏപ്രിലില്‍ ഒന്നിച്ചു പരിഗണിക്കും. കേസില്‍ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ട പിണറായി വിജയന്‍, മുന്‍ ഊര്‍ജ സെക്രട്ടറി കെ. മോഹനചന്ദ്രന്‍, ജോയിന്റ് സെക്രട്ടറി എ ഫ്രാന്‍സിസ് എന്നിവരെ ഹൈക്കോടതി കുറ്റവിമുക്തരാക്കിയിരുന്നു. ഇതിനെതിരെ സിബിഐ സമര്‍പ്പിച്ച അപ്പീലിലും സുപ്രീംകോടതി വാദം കേള്‍ക്കും.
Share this Article
Related Topics