ന്യൂഡല്‍ഹി: 'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്' എന്ന വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ച വിവിധ പാര്‍ട്ടി അധ്യക്ഷന്മാരുടെ യോഗത്തില്‍ പങ്കെടുക്കില്ലെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പ്രഖ്യാപിച്ചതിനു പിന്നാലെ തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവുവും യോഗത്തില്‍നിന്ന് വിട്ടുനില്‍ക്കുന്നു. മുന്‍ ആന്ധ്രാ മുഖ്യമന്ത്രിയും ടിഡിപി അധ്യക്ഷനുമായ ചന്ദ്രബാബു നായിഡുവും യോഗത്തില്‍ പങ്കെടുത്തേക്കില്ലെന്നാണ് റിപ്പോര്‍ട്ട്.
തന്റെ തീരുമാനം വിശദീകരിക്കുന്നതിന് ചൊവ്വാഴ്ച ചന്ദ്രശേഖര്‍ റാവു പത്രസമ്മേളനം വിളിച്ചിരുന്നു. കേന്ദ്രസര്‍ക്കാരുമായി ഭരണഘടനാപരമായ ബന്ധം മാത്രമാണുള്ളതെന്ന് അദ്ദേഹം വ്യക്തമാക്കി. 'യോഗത്തില്‍ പങ്കെടുത്തിട്ട് എന്താണ് ചര്‍ച്ചചെയ്യാനുള്ളത്? കേന്ദ്രവുമായി ചര്‍ച്ച നടത്തിയിട്ട് ഒരു കാര്യവുമില്ല. ഒരു രൂപയുടെ സഹായം പോലും കേന്ദ്രത്തില്‍നിന്ന് സംസ്ഥാനത്തിന് ലഭിക്കില്ല. മോദിയുടേത് ഒരു ഫാസിസ്റ്റ് സര്‍ക്കാരാണ്. അതൊരു വസ്തുതയാണ്'- അദ്ദേഹം പറഞ്ഞു. എന്നാല്‍, ചന്ദ്രശേഖര്‍ റാവുവിന് പകരം അദ്ദേഹത്തിന്റെ മകന്‍ കെ.ടി രാമറാവു പ്രധാനമന്ത്രി ബുധനാഴ്ച വിളിച്ച യോഗത്തില്‍ പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ട്.
ടിഡിപി നേതാവ് ചന്ദ്രബാബു നായിഡു വിദേശത്ത് പോകുന്നതിനാല്‍ യോഗത്തില്‍ പങ്കെടുക്കില്ലെന്നാണ് വിവരം. കുടുംബത്തോടൊപ്പം ഒരാഴ്ചത്തേയ്ക്കാണ് അദ്ദേഹം വിദേശ സന്ദര്‍ശനത്തിന് പോകുന്നത്. ജൂണ്‍ 25ന് മാത്രമേ അദ്ദേഹം തിരികെയെത്തൂ എന്നും പാര്‍ട്ടി വക്താവ് വ്യക്തമാക്കി.
'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്' എന്ന വിഷയം ചര്‍ച്ചചെയ്യുന്നതിന് ബുധനാഴ്ച ഡല്‍ഹിയില്‍ പ്രധാനമന്ത്രി വിളിച്ചുചേര്‍ത്ത വിവിധ പാര്‍ട്ടി അധ്യക്ഷന്മാരുടെ യോഗത്തില്‍ പങ്കെടുക്കില്ലെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി നേരത്തെ വ്യക്തമാക്കിയിരുന്നു. വളരെ ഗൗരവമേറിയ വിഷയത്തില്‍ തിടുക്കപ്പെട്ട് തീരുമാനം എടുക്കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കി അവര്‍ പാര്‍ലമെന്ററികാര്യമന്ത്രി പ്രഹ്ലാദ് ജോഷിക്ക് കത്തയക്കുകയും ചെയ്തിട്ടുണ്ട്. വിഷയത്തില്‍ ധവളപത്രം പുറത്തിറക്കണമെന്നും വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് നിലപാട് വ്യക്തമാക്കാന്‍ ആവശ്യത്തിന് സമയം അനുവദിക്കണമെന്നും അവര്‍ കത്തില്‍ ആവശ്യപ്പെട്ടു.
വേണ്ടത്ര ചര്‍ച്ച നടത്താതെയാണ് കേന്ദ്രസര്‍ക്കാര്‍ യോഗം വിളിച്ചിട്ടുള്ളതെന്നാണ് മമതയുടെ നിലപാട്. 'ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്' എന്ന ആശയത്തില്‍ മിക്ക പ്രതിപക്ഷ പാര്‍ട്ടികള്‍ക്കും എതിര്‍പ്പാണുള്ളത്. പാര്‍ട്ടി സ്ഥാപകദിനവുമായി ബന്ധപ്പെട്ട തിരക്കുകള്‍ ഉള്ളതിനാല്‍ യോഗത്തില്‍ പങ്കെടുക്കില്ലെന്ന് ശിവസേനാ അധ്യക്ഷന്‍ ഉദ്ധവ് താക്കറെയും വ്യക്തമാക്കിയിട്ടുണ്ട്.
Content Highlights: KCR and Naidu Skips PM's 'One Nation, One Election' Meet