ന്യൂഡല്‍ഹി: ജെ.എന്‍.യു വിദ്യാര്‍ത്ഥി നേതാവ് കനയ്യ കുമാറിനെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തിയ ഡല്‍ഹി പോലീസ് കോടതിയില്‍ സമര്‍പ്പിച്ച വീഡിയോകള്‍ വ്യാജമെന്ന് ഫോറന്‍സിക് പരിശോധനാ ഫലം. അനുബന്ധ തെളിവുകളായി സമര്‍പ്പിച്ച ഏഴ് വീഡിയോകളില്‍ രണ്ടെണ്ണത്തില്‍ കൂട്ടിച്ചേര്‍ക്കലുകള്‍ നടന്നിട്ടുണ്ടെന്നാണ് കണ്ടെത്തല്‍. ഡല്‍ഹി സര്‍ക്കാര്‍ നടത്തിയ ഫോറന്‍സിക് പരിശോധനയിലാണ് ഈ വിവരങ്ങളുള്ളത്.
വീഡിയോകളില്‍ രാജ്യവിരുദ്ധ മുദ്രാവാക്യങ്ങള്‍ ഉള്ള ഭാഗം കൂട്ടിച്ചേര്‍ത്തതാണെന്നാണ് കണ്ടെത്തിയത്. ഇതോടെ കനയ്യ കുമാര്‍ രാജ്യവിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്ന ഡല്‍ഹി പോലീസിന്റെ വാദം വീണ്ടും സംശയത്തിന്റെ നിഴലിലായി.
അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റിയതിന്റെ വാര്‍ഷികത്തില്‍ ജവഹര്‍ലാല്‍ നെഹറു സര്‍വകലാശാലയില്‍ നടന്ന അനുസ്മരണ പരിപാടിക്കിടെയുണ്ടായ സംഭവങ്ങളാണ് കനയ്യ കുമാറിന്റെ അറസ്റ്റിലേക്ക് നയിച്ചത്. പ്രതിഷേധത്തിനിടെ ദേശവിരുദ്ധ മുദ്രാവാക്യങ്ങളുയര്‍ന്നുവെന്നാണ് ആരോപണം. ഇതിന് തെളിവുണ്ടെന്ന് ഡല്‍ഹി പോലീസ് പലതവണ ആവര്‍ത്തിച്ചു.
കനയ്യ കുമാറിനെ അറസ്റ്റു ചെയ്തതിന് പിന്നാലെ അദ്ദേഹത്തിന്റെ പ്രസംഗത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ഇതോടെ ഡല്‍ഹി പോലീസിനെതിരെയുള്ള പ്രതിഷേധം ശക്തമാകുകയും ചെയ്തു.
ഒരു ദേശീയ ചാനല്‍ രാജ്യവിരുദ്ധമെന്നാരോപിച്ച് സംപ്രേഷണം ചെയ്ത വീഡിയോ വ്യാജമാണെന്ന് നേരത്തേ ആരോപണമുണ്ടായിരുന്നു.
ഇതേ കേസില്‍ ഉമര്‍ ഖാലിദ്, അനിര്‍ബന്‍ ഭട്ടാചാര്യ എന്നിവര്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.