പട്‌ന: ജെ.എന്‍.യു വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്റ് കനയ്യ കുമാറിനെതിരെ കരിങ്കൊടി കാണിച്ച രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. എ.ഐ.എസ്.എഫും എ.ഐ.വൈ.എഫും സംയുക്തമായി പട്‌നയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ പ്രസംഗിച്ചു കൊണ്ടിരിക്കുമ്പോള്‍' ഭാരത് മാതാ കി ജയ്' എന്ന മുദ്രാവാക്യം മുഴക്കി വേദിയിലെത്തിയ രണ്ട് പേരാണ് കനയ്യകുമാറിന് നേരെ കരിങ്കൊടി കാണിച്ചത്.
ഉടന്‍ തന്നെ കനയ്യകുമാറിന്റെ അനുയായികള്‍ ഇരുവരേയും കയ്യേറ്റം ചെയ്തു. എന്നാല്‍ എല്ലാവര്‍ക്കും അഭിപ്രായ സ്വാതന്ത്ര്യത്തിനുളള അവകാശമുണ്ടെന്നും അവരെ മര്‍ദ്ദിക്കരുതെന്നും കനയ്യകുമാര്‍ അനുയായികളോട് ആവശ്യപ്പെട്ടു.
പിന്നീട് സംഘര്‍ഷം രൂക്ഷമായതിനെത്തുടര്‍ന്ന് പോലീസ് കരിങ്കൊടി കാട്ടിയ രണ്ട് പേരെയും അറസ്റ്റ് ചെയ്യുകയായിരുന്നു.പട്‌നയിലെ യൂത്ത് സ്വരാജ് പാര്‍ട്ടി അംഗങ്ങളായ നിതീഷ് കുമാര്‍, മണികണ്ഠന്‍ മണി എന്നിവരാണ് അറസ്റ്റിലായത്.
പട്‌ന തന്റെ സ്വദേശമാണെന്നും അതു കൊണ്ട് തന്നെ തനിക്ക് ഇവിടെ നിന്നും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളില്‍ നിന്നും നേരിട്ടത് പോലെ ചെരിപ്പേറ് കൊള്ളേണ്ടി വരില്ലെന്നും പറഞ്ഞ് കൊണ്ടാണ് കനയ്യ കുമാര്‍ തന്റെ പ്രസംഗം ആരംഭിച്ചത്. എന്നാല്‍ പ്രസംഗം തുടങ്ങി അല്പ സമയത്തിനകം രണ്ട് പേരും കരിങ്കൊടിയുമായി വേദിയിലെത്തി.
എന്നാല്‍ തന്നെ എതിര്‍ക്കുന്ന ശക്തികളെ താന്‍ ഭയപ്പെടുന്നില്ലെന്നും ഇത്തരം പ്രതിഷേധങ്ങള്‍ തന്നെ ബാധിക്കുന്നില്ലെന്നും കനയ്യകുമാര്‍ പറഞ്ഞു. 'എന്റെ നേര്‍ക്ക് കല്ലോ ചെരിപ്പോ എറിഞ്ഞാലും ഞാന്‍ ഭയപ്പെടില്ല, കാരണം എന്റെ ചോദ്യങ്ങളെ ഭയക്കുന്നവരാണ് എന്നെ എതിര്‍ക്കുന്നത്' എന്ന് കനയ്യകുമാര്‍ പറഞ്ഞു.
മുതലാളി വര്‍ഗത്തിന്റെ സഹായത്തോടെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി അധികാരത്തിലെത്തിയതെന്നും അത് കൊണ്ട് തൊഴില്‍ രഹിതരുടെ പ്രശ്‌നങ്ങളെക്കുറിച്ച് അദ്ദേഹത്തിനറിയില്ലെന്നും കനയ്യകുമാര്‍ ചൂണ്ടികാട്ടി. കളളപ്പണ നിക്ഷേപം തടയുമെന്നും രണ്ട് കോടി പേര്‍ക്ക് ജോലി നല്‍കുമെന്നുമുളള വാഗ്ദാനങ്ങള്‍ പ്രധാനമന്ത്രി ഇത് വരെ പാലിച്ചിട്ടില്ലെന്നും കനയ്യകുമാര്‍ പറഞ്ഞു.
തങ്ങള്‍ വധശിക്ഷയെ എതിര്‍ക്കുന്നുവെന്നും എന്നാല്‍ അതിന് അഫ്‌സല്‍ ഗുരുവിനെ അനുകൂലിക്കുന്നു എന്ന അര്‍ത്ഥമില്ലെന്നും കനയ്യകുമാര്‍ കൂട്ടിച്ചേര്‍ത്തു.
സ്വദേശമായ ബിഹാറില്‍ എത്തിയ കനയ്യകുമാറിന് പോലീസ് കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു. ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറുമായും ആര്‍.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവുമായും കനയ്യകുമാര്‍ കൂടിക്കാഴ്ച നടത്തി.