ന്യൂഡല്‍ഹി: രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത ജെ.എന്‍.യു വിദ്യാര്‍ത്ഥി നേതാവ് കനയ്യകുമാറിനെതിരെ ഡല്‍ഹി പോലീസ് ആഭ്യന്തരമന്ത്രാലയത്തിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമായ തെളിവില്ല. രഹസ്യാന്വേഷണ റിപ്പോര്‍ട്ടുകള്‍ അടിസ്ഥാനമാക്കി സ്‌പെഷ്യല്‍ ബ്രാഞ്ച് തയ്യാറാക്കിയ റിപ്പോര്‍ട്ട് ഞായറാഴ്ചയാണ് സമര്‍പ്പിച്ചത്. രാജ്യദ്രോഹക്കുറ്റം ചെയ്തുവെന്നതിന് വ്യക്തമായ തെളിവുണ്ടെന്നും ഉടന്‍ ഹാജരാക്കുമെന്നുമായിരുന്നു കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജിജു വ്യക്തമാക്കിയത്.
ഇതിനിടെ ജെ.എന്‍.യു വിഷയത്തില്‍ ഡല്‍ഹി പോലീസ് കമ്മീഷണര്‍ വി.എസ് ബസ്സിയെ പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ചുവരുത്തി വിശദീകരണം തേടി. പ്രശ്‌നത്തില്‍ പ്രധാനമന്ത്രി ഇടപെടണമെന്നും സര്‍വകലാശാലയുടെ സ്വയം ഭരണാവകാശം സംരക്ഷിക്കണമെന്നും സര്‍വകക്ഷിയോഗത്തില്‍ ഇടത്-വലത് പാര്‍ട്ടികളുടെ നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു.
Editorial
കാമ്പസിലേക്ക് പോലീസിനെ അയച്ചും വിദ്യാര്‍ഥിയൂണിയന്‍ പ്രസിഡന്റിനെ അറസ്റ്റുചെയ്തും രാജ്യത്തിന്റെ അഭിമാനമായ ഒരു സര്‍വകലാശാലയെ തകര്‍ക്കുകയാണ് ഭരണകൂടം ...... More
കനയ്യ കുമാറിനെതിരെ വ്യക്തമായ തെളിവുണ്ടെന്നാതിയിരുന്നു ഡല്‍ഹി പോലീസ് മേധാവി ബി.എസ് ബസ്സിയുടെ അവകാശവാദവും. എന്നാല്‍ വിശ്വസനീയ കേന്ദ്രത്തില്‍ നിന്നുമുള്ള വിവരമെന്നതില്‍ കവിഞ്ഞ് തെളിവുകളൊന്നും ഡല്‍ഹി പോലീസ് ഹാജരാക്കിയില്ല. രാജ്യവിരുദ്ധ മുദ്രാവാക്യം ഉയര്‍ന്ന പരിപാടിയുടെ സംഘാടകന്‍ കനയ്യ കുമാര്‍ അല്ലെന്നും പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഡെമോക്രാറ്റിക്ക് സ്റ്റുഡന്റ് യൂണിയന്‍ നേതാവ് ഉമര്‍ ഖാലിദാണ് രാജ്യവിരുദ്ധ മുദ്രാവാക്യം വിളിച്ചതെന്ന് പറയുന്നുമുണ്ട്. പാര്‍ലമെന്റ് ആക്രമണ കേസില്‍ തൂക്കിലേറ്റിയ അഫ്സല്‍ ഗുരുവിനെ കുറിച്ചുള്ള ഡോക്യുമെന്റെറിയുടെ പ്രദര്‍ശനം തടഞ്ഞതാണ് ഖാലിദിനെയും സംഘത്തേയും ഇതിന് പ്രേരിപ്പിച്ചതെന്നാണ് കരുതുന്നത്. മാസങ്ങള്‍ മുമ്പേ ഖാലിദിന്റെ നേതൃത്വത്തില്‍ അഫ്‌സല്‍ ഗുരു അനുസ്മരണം നടന്നതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
അതിനിടെ ഡല്‍ഹി പോലീസിലെ 12 മുതിര്‍ന്ന ഓഫീസര്‍മാരെ സ്ഥലം മാറ്റി. പാട്യാല കോടതിയില്‍ ജെ.എന്‍.യു വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും നേരെ ഒരുകൂട്ടം അഭിഭാഷകര്‍ അക്രമം നടത്തിയതിനെതിരെ പ്രതിഷേധമുയര്‍ന്നതിന് പിന്നാലെയാണിത്. ഇതിനെതിരെ ജെ.എന്‍.യു പൂര്‍വവിദ്യാര്‍ത്ഥി എന്‍.ഡി ജയപ്രകാശ് നല്‍കിയ കേസില്‍ സുപ്രീംകോടതി ഇന്ന് വാദം കേള്‍ക്കും.