ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹറു സര്‍വകലാശാലയില്‍ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യങ്ങളുടെ പേരില്‍ വിദ്യാര്‍ത്ഥി നേതാവായ കനയ്യ കുമാറിനെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ പോലീസിന്റെ ഭാഗത്ത് വീഴ്ചയുണ്ടായതായി കൂടുതല്‍ തെളിവുകള്‍. വെറും മൂന്ന് പോലീസുകാരെ മാത്രമാണ് മുന്നറിയിപ്പുണ്ടായിട്ടും പോലീസ് കോളേജിലേക്ക് അയച്ചത് എന്ന് എഫ്.ഐ.ആര്‍ പറയുന്നു.
ഫിബ്രവരി ഒമ്പതിന് അഫ്‌സല്‍ ഗുരു അനുസ്മരണ ചടങ്ങ് സംഘടിപ്പിച്ചിട്ടുണ്ടെന്നും അതിനിടെ സംഘര്‍ഷമുണ്ടാകാന്‍ സാധ്യതയുണ്ടെന്നും കോളേജ് അധികൃര്‍ അറിയിച്ചിട്ടും യൂണിഫോമിലല്ലാത്ത മൂന്ന് പോലീസുകാരെ മാത്രമാണ് ഡല്‍ഹി പോലീസ് നിയോഗിച്ചത്. പരിപാടിയും തുടര്‍ന്നുണ്ടായ റാലിയും പോലീസുകാര്‍ നിരീക്ഷിച്ചിട്ടും ദേശീയ ന്യൂസ് ചാനല്‍ വാര്‍ത്തയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തത്.
സംഭവം നടന്ന രണ്ട് ദിവസത്തിന് ശേഷമാണ് സീ ന്യൂസ് ചാനലിലെ വാര്‍ത്ത പോലീസ് ഇന്‍സ്‌പെക്ടര്‍ പരിശോധിച്ചതെന്നാണ് എഫ്.ഐ.ആറില്‍ പറയുന്നത്. കൂടുതല്‍ പരിശോധനക്കായി ടെലിവിഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും പോലീസ് ആവശ്യപ്പെട്ടിരുന്നു. പാകിസ്താന്‍ സിന്ദാബാദ് എന്ന് മുദ്രാവാക്യമുയര്‍ന്നു എന്നായിരുന്നു ചാനല്‍ റിപ്പോര്‍ട്ട്.
Share this Article
Related Topics