മുംബൈ: ജെഎന്‍യു വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്റ് കനയ്യ കുമാറിന് വിമാനത്തില്‍വച്ച് മര്‍ദ്ദനമേറ്റു. മുംബൈയില്‍നിന്ന് പുണെയിലേക്കുള്ള യാത്രയ്ക്കിടെ ജെറ്റ് എയര്‍വെയ്സ് വിമാനത്തിലാണ് സംഭവം. പുണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് പോകുകയായിരുന്നു കനയ്യ കുമാര്‍.
വിമാനത്തില്‍ അടുത്തിരുന്നയാള്‍ യാതൊരു പ്രകോപനവും കൂടാതെ കനയ്യയുടെ കഴുത്ത് ഞെരിക്കുകയായിരുന്നു. അക്രമം നടത്തിയയാള്‍ ബിജെപി പ്രവര്‍ത്തകനാണ് എന്നാണ് സൂചന. സഹയാത്രികള്‍ ഇയാളെ പിടിച്ചുമാറ്റുകയായിരുന്നു. വിമാന അധികൃതര്‍ ഇയാളെ പോലീസിന് കൈമാറി.
നാഗ്പുരില്‍ അംബേദ്ക്കര്‍ ജയന്തി ആഘോഷത്തില്‍ പങ്കെടുക്കാന്‍ പോയപ്പോഴും ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ കനയ്യകുമാറിന് നേരെ ആക്രമണം നടത്തിയിരുന്നു. കനയ്യകുമാര്‍ സഞ്ചരിച്ച കാര്‍ ആക്രമിക്കുകയും, കനയ്യകുമാര്‍ സംസാരിക്കുമ്പോള്‍ ചെരിപ്പെറിയുകയും ചെയ്തിരുന്നു.
മുംബൈയില്‍ കഴിഞ്ഞ ദിവസം ഒരു ചടങ്ങിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ കനയ്യ കുമാര്‍ രൂക്ഷവിമര്‍ശം ഉന്നയിച്ചിരുന്നു. മോദി സര്‍ക്കാരിന്റേത് വാചകമടിയും സെല്‍ഫിയെടുപ്പും മാത്രമാണെന്ന് കനയ്യ ആരോപിച്ചിരുന്നു. 'മേക്ക് ഇന്‍ ഇന്ത്യ' പദ്ധതി യഥാര്‍ഥത്തില്‍ 'ഫേക്ക് ഇന്‍ ഇന്ത്യ' പദ്ധതിയാണെന്ന് പരിഹസിച്ചിരുന്നു.
'സ്റ്റാര്‍ട്ടപ്പ് ഇന്ത്യ', 'സെല്‍ഫി വിത്ത് ഡോട്ടര്‍' തുടങ്ങിയ വാചകമടികള്‍ മാത്രമാണ് മോദി സര്‍ക്കാര്‍ നടത്തുന്നത്. വാഗ്ദാനങ്ങള്‍ നല്‍കി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ് സര്‍ക്കാര്‍. ജനങ്ങള്‍ക്ക് ഗുണമുണ്ടാകുന്ന ഒന്നും സര്‍ക്കാര്‍ ചെയ്യുന്നില്ല. മഹാരാഷ്ട്ര മുഴുവന്‍ വരള്‍ച്ച നേരിടുമ്പോള്‍ ആര്‍.എസ്.എസ് നേതൃത്വം നല്‍കുന്ന സര്‍ക്കാര്‍ സംസ്ഥാനത്ത് ഐ.പി.എല്‍. സംഘടിപ്പിക്കാനുള്ള തിരക്കിലാണെന്നും കനയ്യ ആരോപിച്ചിരുന്നു.
സംഭവത്തെ കുറിച്ച് കനയ്യ കുമാറിന്റെ ട്വീറ്റുകള്‍: