കനയ്യ കുമാറിന് ഇടക്കാല ജാമ്യം


3 min read
Read later
Print
Share

അഫ്സല്‍ ഗുരുവിന്റെ അനുസ്മരണ പരിപാടിക്കിടെ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം വിളിച്ചെന്നായിരുന്നു കനയ്യയ്‌ക്കെതിരെയുള്ള കേസ്.

ന്യൂഡല്‍ഹി: രാജ്യദ്രോഹ കുറ്റം ചുമത്തി ഡല്‍ഹി പൊലീസ് അറസ്റ്റു ചെയ്ത ജെ.എന്‍.യു വിദ്യാര്‍ഥി യൂണിയന്‍ ചെയര്‍മാന്‍ കനയ്യ കുമാറിന് ജാമ്യം. 18 ദിവസം മുമ്പ് അറസ്റ്റിലായ കനയ്യ കുമാറിന് ഡല്‍ഹി ഹൈക്കോടതിയാണ് ജാമ്യം നല്‍കിയത്. ഹൈക്കോടതി പരിസരത്ത് കര്‍ശന സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയിരുന്നത്.

ആറുമാസത്തെ ഇടക്കാല ജാമ്യമാണ് ഡല്‍ഹി ഹൈക്കോടതി അനുവദിച്ചത്. കനയ്യ 10,000 രൂപ ജാമ്യത്തുക കെട്ടിവെക്കണം. സര്‍വകലാശാല അധ്യാപകര്‍ ജാമ്യം നില്‍ക്കണമെന്നും കനയ്യ അന്വേഷണവുമായി സഹകരിക്കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ജാമ്യത്തുക കെട്ടിവെക്കുന്നത് അടക്കമുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കേണ്ടതിനാല്‍ കനയ്യയ്ക്ക് വ്യാഴാഴ്ച രാവിലെ മാത്രമെ പുറത്തിറങ്ങാന്‍ കഴിയൂവെന്നാണ് സൂചന.

ഹര്‍ജിയില്‍ തിങ്കളാഴ്ച വാദം അവസാനിച്ചിരുന്നെങ്കിലും ജസ്റ്റിസ് പ്രതിഭ റാണി വിധി ഇന്നത്തേക്കു മാറ്റുകയായിരുന്നു. എങ്കിലും ഇന്ന് കോടതി നടപടികള്‍ അവസാനിച്ചതിനു ശേഷമാണ് ജഡ്ജി ഉത്തരവ് പറഞ്ഞു കൊടുത്തത്. ഇതിനാല്‍ വിധി വരാന്‍ ഏറെ നേരം കാത്തിരിക്കേണ്ടിവന്നു. ഡല്‍ഹി സംസ്ഥാന സര്‍ക്കാരിന്റെ സ്റ്റാന്‍ഡിംഗ് കൗണ്‍സല്‍ രാഹുല്‍ മെഹ്‌റയും കനയ്യയ്ക്ക് ജാമ്യം നല്‍കുന്നതിനെ അനുകൂലിച്ചു.

പാര്‍ലമെന്റ് ആക്രമണ കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട അഫ്സല്‍ ഗുരുവിന്റെ അനുസ്മരണ പരിപാടിക്കിടെ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം വിളിച്ചെന്നായിരുന്നു കനയ്യയ്‌ക്കെതിരെയുള്ള കേസ്. ജാമ്യം നല്‍കരുതെന്നായിരുന്നു ഡല്‍ഹി പൊലീസിന്റെ നിലപാട്. പരിപാടി സംഘടിപ്പിച്ചത് കനയ്യ കുമാറാണെന്നും രാജ്യദ്രോഹ മുദ്രാവാക്യങ്ങല്‍ വിളിച്ചുവെന്നും പോലീസ് വാദിച്ചു. വീഡിയോ തെളിവുകളെ മാത്രം അടിസ്ഥാനമാക്കിയല്ല അറസ്റ്റ് ചെയ്തതെന്നും പൊലീസ് വാദിച്ചു.

എന്നാല്‍, അറസ്റ്റ് ചെയ്ത് ഇത്രയും ദിവസമായിട്ടും കാര്യമായ തെളിവുകള്‍ ഹാജരാക്കാന്‍ പൊലീസിനു കഴിഞ്ഞില്ലെന്നും അതിനാല്‍ ജാമ്യം നല്‍കണമെന്നുമായിരുന്നു കനയ്യ കുമാറിനു വേണ്ടി ഹാജരായ അഭിഭാഷകന്‍ കപില്‍ സിബലിന്റെ വാദം.

അറസ്റ്റിന് ശേഷം പാട്യാല ഹൗസ് കോടതിയില്‍ ഹാജരാക്കിയ കനയ്യ കുമാറിനെ പോലീസ് നോക്കിനില്‍ക്കെ ഒരു സംഘം അഭിഭാഷകര്‍ മര്‍ദ്ദിച്ചിരുന്നു. ഇതേ തുടര്‍ന്ന് കനയ്യ ജാമ്യത്തിനായി സുപ്രീംകോടതിയെ സമീപിച്ചു. എന്നാല്‍, ഹര്‍ജി പരിഗണിക്കുന്നത് തെറ്റായ നടപടിയാകുമെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതിയെ സമീപിക്കാന്‍ സുപ്രീംകോടതി നിര്‍ദേശിച്ചു.

ഇതിനിടെ കനയ്യ കുമാറിനെതിരെ ഹാജരാക്കിയ വീഡിയോകള്‍ വ്യാജമാണെന്ന ഫോറന്‍സിക് പരിശോധന ഫലം പുറത്ത് വന്നിട്ടുണ്ട്. വീഡിയോകളില്‍ രാജ്യവിരുദ്ധ മുദ്രാവാക്യങ്ങള്‍ അടങ്ങിയ ഭാഗം കൂട്ടിച്ചേര്‍ത്തെന്നാണ് കണ്ടെത്തിയത്. വീഡിയോകളില്‍ കനയ്യ ഇന്ത്യാവിരുദ്ധ മുദ്രാവാക്യം വിളിച്ചതായി തെളിവില്ലെന്ന് ഡല്‍ഹി പോലീസ് കോടതിയില്‍ സമ്മതിച്ചിരുന്നു. ഡല്‍ഹി പോലീസ് സാക്ഷികളായി സമര്‍പ്പിച്ചവരുടെ പട്ടികയില്‍ കൂടുതലും എ.ബി.വി.പി. പ്രവര്‍ത്തകരാണെന്നും ആരോപണമുണ്ടായി.

സംഭവങ്ങളെ മൂന്നുഭാഗമായി വിലയിരുത്തണമെന്ന് കനയ്യക്കുവേണ്ടി ഹാജരായ അഭിഭാഷകന്‍ കപില്‍ സിബല്‍ വാദിച്ചു.

കാമ്പസിലെ സബര്‍മതി ധാബയ്ക്കടുത്ത് വൈകിട്ട് നാലരമുതല്‍ ഏഴരവരെയാണ് പരിപാടി നടന്നത്. ഇതില്‍ കനയ്യ പങ്കാളിയായിരുന്നില്ല. ഏഴരയ്ക്കാണ് കനയ്യ ഇവിടെയെത്തുന്നത്. രണ്ടു വിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷത്തില്‍ ഇടപെട്ട് ശാന്തമാക്കാനാണ് അദ്ദേഹം ശ്രമിച്ചത്. എട്ടരയോടെ ഈ സ്ഥലത്തുനിന്ന് കനയ്യ പോയി. എട്ടരയ്ക്കുശേഷം ഗംഗാ ധാബയുടെ മുന്നിലാണ് മറ്റൊരു പ്രതിഷേധം നടന്നത്. പരിപാടിയുടെ വീഡിയോ ദൃശ്യങ്ങളാണ് പോലീസ് തെളിവായി ഹാജരാക്കിയത്. ഫിബ്രവരി 10-ന് സീ ന്യൂസ് സംപ്രേഷണംചെയ്ത ദൃശ്യത്തില്‍ 'പാകിസ്താന്‍ സിന്ദാബാദ്' എന്ന് എഴുതിക്കാണിക്കുന്നുണ്ടെങ്കിലും ഡല്‍ഹി സര്‍ക്കാര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഈ മുദ്രാവാക്യമില്ല.
പരിപാടിയുടെ പോസ്റ്ററിലും കനയ്യയുടെ പേരില്ല.

ഫിബ്രവരി 11-ന് നടത്തിയ പ്രസംഗത്തിലും രാജ്യദ്രോഹകരമായ പരാമര്‍ശമില്ല. രാജ്യത്തെയും ജെ.എന്‍.യു.വിനെയും തകര്‍ക്കാന്‍ ശ്രമിക്കുന്നവരില്‍നിന്ന് രക്ഷിക്കുമെന്നാണ് അദ്ദേഹം പ്രസംഗിക്കുന്നത്. കൂടാതെ കനയ്യ ജെ.എന്‍.യുവിലെ വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്റും സി.പി.ഐ. എന്ന അംഗീകൃത പാര്‍ട്ടിയുടെ വിദ്യാര്‍ഥിഘടകത്തിലെ അംഗവുമാണ്. നിയമം അനുസരിക്കുന്ന പൗരനാണെന്ന് അദ്ദേഹം പറയുന്നുമുണ്ട്. മുദ്രാവാക്യം മുഴക്കുന്നത് ദേശദ്രോഹമല്ലെന്നും കോടതി വിലയിരുത്തി. മുദ്രാവാക്യം വിളികള്‍ക്കുശേഷവും ജെ.എന്‍.യു. ശാന്തമാണ്. സംഘര്‍ഷമോ അക്രമമോ ഉണ്ടായിട്ടില്ല. ഈ പശ്ചാത്തലത്തില്‍ ജാമ്യം അനുവദിക്കാം - കോടതി പറഞ്ഞു.

സംഭവദിവസം കനയ്യ എന്താണ് യഥാര്‍ഥത്തില്‍ ചെയ്തതെന്ന് പരിശോധിക്കേണ്ടതുണ്ടെന്നും കോടതി അഭിപ്രായപ്പെട്ടു. 23 പേജുള്ള ഉത്തരവില്‍ കനയ്യയുടെ സാമ്പത്തികാവസ്ഥ പരിഗണിച്ചാണ് കെട്ടിവെക്കേണ്ട തുക 10,000 രൂപയാക്കുന്നതെന്നും ജസ്റ്റിസ് പ്രതിഭാറാണി പറഞ്ഞു. അങ്കണവാടിവര്‍ക്കറുടെ മകനാണ് കനയ്യ. 3000 രൂപയാണ് അവരുടെ പ്രതിമാസവരുമാനം. അതിനാല്‍ കൂടുതല്‍ തുക ഈടാക്കാനാവില്ല.

Delhi High Court's Bail Order for JNU President Kanhaiya

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
IN CASE YOU MISSED IT
mathrubhumi

1 min

ആക്രമണരീതിയും ദൂരവും വര്‍ധിച്ചു; ബ്രഹ്മോസ് ഇനി ഇന്ത്യയുടെ വജ്രായുധം

Jul 9, 2019


mathrubhumi

1 min

സുഖോയ് വിമാനത്തില്‍ നിന്ന് ബ്രഹ്മോസ് വിജയകരമായി പരീക്ഷിച്ചു

May 22, 2019


CHAINA

1 min

ഇന്ത്യന്‍ വിദ്യാര്‍ഥിയെ ചൈനയിലെ സർവകലാശാല ക്യാമ്പസിൽ മരിച്ചനിലയില്‍ കണ്ടെത്തി

Aug 2, 2021