ന്യൂഡല്‍ഹി: ജെ.എന്‍.യുവില്‍ ദേശവിരുദ്ധ പ്രക്ഷോഭം നടത്തിയെന്നാരോപിച്ച് അറസ്റ്റിലായ വിദ്യാര്‍ത്ഥി നേതാവ് കനയ്യ കുമാറിന്റെ ജാമ്യാപേക്ഷയില്‍ ഡല്‍ഹി ഹൈക്കോടതിയില്‍ നാളെ വാദം തുടരും. കനയ്യ കുമാറിന് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ ഹാജരായി. കനയ്യയെ ഹാജരാക്കുന്നതിന് തൊട്ടുമുമ്പ് ഡല്‍ഹി പോലീസ് അഭിഭാഷകനെ മാറ്റി.
ജാമ്യാപേക്ഷയില്‍ ഡല്‍ഹി ഹൈക്കോടതി ജഡ്ജി പ്രതിഭാ റാണി തല്‍സ്ഥിതി റിപ്പോര്‍ട്ട് നല്‍കാന്‍ ഡല്‍ഹി പോലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
പോലീസ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ കനയ്യക്കെതിരെ സാക്ഷിമൊഴിയുണ്ട്. ജെ.എന്‍.യുവില്‍ ദേശവിരുദ്ധ മുദ്രാവാക്യങ്ങളുയര്‍ത്തിയ സംഘത്തില്‍ കനയ്യകുമാറും ഉണ്ടായിരുന്നുവെന്ന് പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു. സുപ്രീംകോടതി നിര്‍ദ്ദേശത്തെ തുടര്‍ന്ന് കോടതിയില്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു. ബന്ധപ്പെട്ട അഭിഭാഷകരേയും മാധ്യമപ്രര്‍ത്തകരേയും മാത്രമാണ് കോടതിയില്‍ പ്രവേശിപ്പിച്ചത്.
ടെലിവിഷന്‍ ദൃശ്യങ്ങളില്‍ നിന്നുള്ള തെളിവുകളാണ് പോലീസ് കോടതിയില്‍ ഹാജരാക്കിയത്. ഈ ദൃശ്യങ്ങള്‍ വ്യാജമാണെന്ന ആരോപണം നിലനില്‍ക്കെയാണ് പോലീസ് തെളിവായി ഇവ സ്വീകരിച്ചതെന്നതും ശ്രദ്ധേയമാണ്.
ഫെബ്രുവരി 9 ന് അഫ്‌സല്‍ ഗുരു അനുസ്മരണത്തോടനുബന്ധിച്ച് നടന്ന പ്രക്ഷോഭത്തില്‍ അറസ്റ്റിലായ കനയ്യ കുമാറിനെ കോടതി മാര്‍ച്ച് 2 റിമാന്‍ഡ് ചെയ്തിരുന്നു. തിഹാര്‍ ജയിലിലേക്കാണ് അദ്ദേഹത്തെ മാറ്റിയത്.
Share this Article
Related Topics