ന്യൂഡല്‍ഹി: ജെ.എന്‍.യു സര്‍വകലാശാല കാമ്പസില്‍ ഫിബ്രവരി 9-ന് നടന്ന അഫ്സല്‍ ഗുരു അനുസ്മരണ പരിപാടി സംഘടിപ്പിച്ചത് കനയ്യ കുമാറാണെന്ന് പോലീസ് റിപ്പോര്‍ട്ട്. ഡല്‍ഹി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച 13 പേജുള്ള റിപ്പോര്‍ട്ടിലാണ് കോളേജ് കാമ്പസില്‍ നടന്ന പരിപാടി സംഘടിപ്പിച്ചതിന് പിറകില്‍ കനയ്യ കുമാറാണെന്ന് ഡല്‍ഹി പോലീസ് വ്യക്തമാക്കിയിരിക്കുന്നത്.
കാമ്പസില്‍ നടന്ന പരിപാടിയില്‍ കനയ്യ കുമാറിനും സംഘാംഗങ്ങള്‍ക്കും പുറമേ ചില വിദേശികളും പങ്കെടുത്തതായി റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. തിരിച്ചറിയാതിരിക്കുന്നതിനായി മുഖം മറച്ചാണ് വിദേശികള്‍ പരിപാടിയില്‍ പങ്കെടുത്തത്. കനയ്യക്കെതിരെയുള്ള തെളിവായി പോലീസ് കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്ന വീഡിയോ ഫൂട്ടേജിനെക്കുറിച്ചും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. മാധ്യമങ്ങള്‍ പറയും പോലെ വ്യാജമായി നിര്‍മിച്ച് ഫൂട്ടേജല്ല ഇതെന്നും എന്നാല്‍ ഈ ഒരൊറ്റ തെളിവിന്റെ മാത്രം അടിസ്ഥാനത്തിലല്ല കനയ്യക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്തിട്ടുള്ളതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
കനയ്യ കുമാറിന്റെ ജാമ്യപേക്ഷ ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നതിനായി ഇന്ന് കോടതി ചേര്‍ന്നപ്പോഴാണ് ജെ.എന്‍.യു സംഭവത്തില്‍ കനയ്യ കുമാറിന്റെ പങ്ക് വ്യക്തമാക്കിക്കൊണ്ടുള്ള റിപ്പോര്‍ട്ട് പോലീസ് കോടതിയില്‍ സമര്‍പ്പിച്ചത്. കനയ്യ കുമാറിന് ജാമ്യം അനുവദിക്കുകയാണെങ്കില്‍ അത് കേസിനെ ബാധിക്കാന്‍ ഇടയുണ്ടെന്നും കനയ്യ തെളിവ് നശിപ്പിക്കാന്‍ സാധ്യതയുണ്ടെന്നും പോലീസ് കോടതിയില്‍ വാദിച്ചിരുന്നു. ഇതേ തുടര്‍ന്ന് കനയ്യയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി ഫിബ്രവരി 29-ലേക്ക് മാറ്റി.
Share this Article
Related Topics