ന്യൂഡല്‍ഹി: ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം ഉയര്‍ന്നതിന്റെ പേരില്‍ വിവാദത്തിലായ സ്ഥാപനമായിരുന്നു ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റി. എന്നാല്‍ ദേശസ്‌നേഹത്തിന് പുതിയ മാതൃക സൃഷ്ടിക്കുമെന്ന പ്രഖ്യാപനമാണ് ഞായറാഴ്ച ജെ.എന്‍.യു വൈസ് ചാന്‍സലര്‍ എം.ജഗദീഷ് കുമാര്‍ നടത്തിയത്. ക്യാമ്പസില്‍ യുദ്ധടാങ്കുകള്‍ സ്ഥാപിക്കണമെന്ന് സര്‍ക്കാരിനോട് അദ്ദേഹം ആവശ്യപ്പെട്ടു.
കാര്‍ഗില്‍ യുദ്ധ വിജയത്തിന്റെ ഓര്‍മദിനത്തില്‍ ക്യാമ്പസില്‍ സംഘടിപ്പിച്ച പരിപാടിയില്‍ കേന്ദ്ര മന്ത്രിമാരായ ധര്‍മേന്ദ്ര പ്രധാന്റേയും വി.കെ.സിങിന്റെയും സാന്നിധ്യത്തിലായിരുന്നു വിസിയുടെ പ്രഖ്യാപനം.
കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കെടുത്ത സൈനികരുടെ ത്യാഗങ്ങള്‍ വിദ്യാര്‍ത്ഥികളെ ഓര്‍മ്മിപ്പിക്കണം. ഇത് ജെ.എന്‍.യു വിദ്യാര്‍ത്ഥികള്‍ക്ക് രാജ്യത്തോടുള്ള സ്‌നേഹം വര്‍ധിക്കാനിടയാക്കുമെന്നും അദ്ദേഹം പറഞ്ഞു.
മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍, വിരമിച്ച സൈനികര്‍, മന്ത്രിമാര്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു. പരിപാടിയുടെ ഭാഗമായി ഗംഗ ധാബയില്‍ നിന്ന് 2,200 അടി നീളമുള്ള ഇന്ത്യന്‍ പതാകയുമായി തിരംഗ യാത്രയും സംഘടിപ്പിച്ചു.
ജെഎന്‍യുവിന് വന്ന മാറ്റം ആശ്ചര്യമുണ്ടാക്കിയെന്ന് മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ പറഞ്ഞു. ഇപ്പോള്‍ ഇവിടെ നിന്ന് ഭാരത് മാതാ കീ ജയ് എന്ന മുദ്രാവാക്യമാണ് ഉയരുന്നതെന്നും അദ്ദേഹം പറഞ്ഞു.
Share this Article
Related Topics