ന്യൂഡല്‍ഹി: ഹോസ്റ്റല്‍ ഫീസ് വര്‍ധന പൂര്‍ണമായും പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ജെഎന്‍യു വിദ്യാര്‍ഥികള്‍ നടത്തുന്ന പ്രക്ഷോഭം അക്രമാസക്തമായതിനെത്തുടര്‍ന്ന് രാജ്യതലസ്ഥാനത്തെ നാല് മെട്രോ സ്‌റ്റേഷനുകള്‍ താത്കാലികമായി അടച്ചു. ഉദ്യോഗ് ഭവന്‍, പട്ടേല്‍ ചൗക്ക്, ലോക് കല്യാണ്‍ മാര്‍ഗ്, സെന്‍ട്രല്‍ സെക്രട്ടേറിയറ്റ് സ്റ്റേഷനുകളുടെ പ്രവേശന കവാടങ്ങളാണ് താത്കാലികമായി അടച്ചത്. പോലീസിന്റെ നിര്‍ദ്ദേശ പ്രകാരമാണ് നാല് പ്രധാന മെട്രോ സ്‌റ്റേഷനുകള്‍ അടച്ചതെന്ന് ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ (ഡി.എംആര്‍സി) ട്വിറ്ററിലൂടെ അറിയിച്ചു.
ഈ നാലു സ്‌റ്റേഷനുകളിലും മെട്രോ തീവണ്ടികള്‍ തത്കാലം നിര്‍ത്തില്ലെന്നും ഡിഎംആര്‍സി വ്യക്തമാക്കിയിട്ടുണ്ട്. വിദ്യാര്‍ഥികളുടെ പാര്‍ലമെന്റ് മാര്‍ച്ച് രാവിലെ അക്രമാസക്തമായതിനെത്തുടര്‍ന്ന് 50 ഓളം വിദ്യാര്‍ഥികളെ ഡല്‍ഹി പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. ഏറെ വൈകിയാണ് അവരെ വിട്ടയച്ചത്.
ഫീസ് വര്‍ധന പൂര്‍ണമായും പിന്‍വലിക്കുകയും കസ്റ്റഡിയിലെടുത്ത വിദ്യാര്‍ഥികളെ വിട്ടയയ്ക്കുകയും ചെയ്യുന്നതുവരെ പ്രക്ഷോഭം തുടരുമെന്ന് ജെഎന്‍യു വിദ്യാര്‍ഥികള്‍ വ്യക്തമാക്കിയിരുന്നു. ഹോസ്റ്റല്‍ ഫീസ് വര്‍ധന അടക്കമുള്ളവ പാര്‍ലമെന്റില്‍ ഉന്നയിക്കണമെന്ന് എം.പിമാരോട് അഭ്യര്‍ഥിക്കാനാണ് പാര്‍ലമെന്റ് ലക്ഷ്യമാക്കി നീങ്ങിയതെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു. പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനം തിങ്കളാഴ്ച തുടങ്ങിയ സാഹചര്യത്തിലാണ് വിദ്യാര്‍ഥികള്‍ മാര്‍ച്ച് നടത്തിയത്. ഹോസ്റ്റല്‍ ഫീസ് വര്‍ധന ജെ.എന്‍.യു അധികൃതര്‍ നേരത്തെ ഭാഗികമായി പിന്‍വലിച്ചിരുന്നു. എന്നാല്‍, പൂര്‍ണമായി പിന്‍വലിക്കണമെന്നാണ് വിദ്യാര്‍ഥികളുടെ ആവശ്യം.
Content Highlights: JNU students' protest; Four metro stations closed