ന്യൂഡല്‍ഹി: മോദിവിരുദ്ധ മുദ്രാവാക്യങ്ങള്‍ മുഴക്കിയതിന് തന്റെ എം ഫില്‍ മൂല്യനിര്‍ണയം വൈസ് ചാന്‍സലര്‍ തടഞ്ഞുവച്ചിരിക്കുകയാണെന്ന് ജെ എന്‍ യു വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്റ് എന്‍ സായി ബാലാജി. ബാലാജിക്കെതിരെ നിലവില്‍ രണ്ടു വിഷയങ്ങളില്‍ അന്വേഷണം നടക്കുന്നതായി ജെ എന്‍ യു വിദ്യാര്‍ഥി യൂണിയന്‍ വെള്ളിയാഴ്ച പത്രക്കുറിപ്പില്‍ ആരോപിച്ചു.
അക്കാഡമിക് കൗണ്‍സില്‍ യോഗം നടന്ന വേദിക്കു പുറത്ത് മോദിവിരുദ്ധ, വൈസ് ചാന്‍സലര്‍ വിരുദ്ധ, ആര്‍ എസ് എസ് വിരുദ്ധ മുദ്രാവാക്യങ്ങള്‍ മുഴക്കിയതിനും സര്‍വകലാശാലയിലെ കരാര്‍ ജീവനക്കാരുടെ മാര്‍ച്ചില്‍ പങ്കെടുത്തതിനുമാണ് ബാലാജിക്കെതിരെ അന്വേഷണം നടക്കുന്നതെന്നാണ് യൂണിയന്‍ പത്രക്കുറിപ്പില്‍ പറഞ്ഞിട്ടുള്ളത്.
തെറ്റായതും രാഷ്ട്രീയപ്രേരിതവുമായ കേസുകളിലൂടെ വിദ്യാര്‍ഥികളെ അധികൃതര്‍ പീഡിപ്പിക്കുകയാണ്. എം ഫില്‍ മൂല്യനിര്‍ണയം തടഞ്ഞുവച്ച്, വിദ്യാര്‍ഥി പ്രതിനിധിയെ നേരിട്ട് ആക്രമിക്കുന്നതിലൂടെ ജെ എന്‍ യുവിലെ വിദ്യാര്‍ഥികളെ നിശ്ശബ്ദരാക്കാനുള്ള ശ്രമമാണ് മോദി സര്‍ക്കാരിന്റേതെന്നും യൂണിയന്‍ പത്രക്കുറിപ്പില്‍ ആരോപിച്ചു.
ജെ എന്‍ യു വൈസ് ചാന്‍സലര്‍ വി സി ജഗദീഷ് കുമാറിനെതിരെ കടുത്ത വിമര്‍ശനമാണ് യൂണിയന്‍ പത്രക്കുറിപ്പില്‍ ഉയര്‍ത്തിയിട്ടുള്ളത്. മോദി സര്‍ക്കാരിന്റെ ആജ്ഞാനുവര്‍ത്തിയായി പ്രവര്‍ത്തിക്കുന്ന ജഗദീഷ് കുമാര്‍, ഓരോദിവസവും നോട്ടീസുകള്‍ പുറപ്പെടുവിച്ച് അധ്യാപകരെ ബുദ്ധിമുട്ടിക്കുന്നുവെന്നും യൂണിയന്‍ ആരോപിച്ചു.
അതേസമയം പഠനകാര്യങ്ങളുമായി മുന്നോട്ടുപോകുന്നതില്‍ ബാലാജിക്ക് തടസ്സങ്ങളൊന്നുമില്ലെന്ന് ജെ എന്‍ യു വൃത്തങ്ങള്‍ പ്രതികരിച്ചു. ക്ലാസില്‍ കയറുന്നതിനോ ലൈബ്രറിയോ ഹോസ്റ്റലോ ഉപയോഗിക്കുന്നതിനോ തടസ്സമില്ല. എന്നാല്‍ മാര്‍ക്ക്ഷീറ്റ് ഉള്‍പ്പെടെയുള്ള രേഖകള്‍ ഉപയോഗിക്കുന്നതിന് തടസ്സമുണ്ടെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.
അന്വേഷണം പുരോഗമിക്കുന്നെന്ന കാരണം ചൂണ്ടിക്കാണിച്ച് ബാലാജിയുടെ എം ഫില്‍ മൂല്യനിര്‍ണയം വൈകിക്കാനുള്ള അധികൃതരുടെ നീക്കത്തെ അപലപിച്ച് ജെ എന്‍ യു അധ്യാപക അസോസിയേഷന്‍ രംഗത്തെത്തിയിട്ടുണ്ട്.
content highlights: jnu student leader accuses vc on blocking MPhil evaluation for raising anti modi slogans