ന്യൂഡല്‍ഹി: അധ്യാപകന്‍ ലൈംഗികമായി ഉപദ്രവിക്കുന്നുവെന്ന വിദ്യാര്‍ഥിനികളുടെ പരാതിയില്‍ ജെ.എന്‍.യു പ്രൊഫസര്‍ അതുല്‍ ജോഹ്രിയെ ഡല്‍ഹി പോലീസ് അറസ്റ്റുചെയ്തു. ഇക്കാര്യം സ്ഥിരീകരിച്ച സൗത്ത് വെസ്റ്റ് ഡി.സി.പി പ്രൊഫസറെ കോടതിയില്‍ ഹാജരാക്കിയതായി അറിയിച്ചു.
അതുല്‍ ജോഹ്രിയെ അറസ്റ്റു ചെയ്യണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ കഴിഞ്ഞ ദിവസം വസന്ത് കുഞ്ജ് പോലീസ് സ്‌റ്റേഷനിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു. മാര്‍ച്ചിനിടെ സംഘര്‍ഷമുണ്ടായതിനെത്തുടര്‍ന്ന് പോലീസ് ജലപീരങ്കി പ്രയോഗിക്കുകയും ചെയ്തു. ജെ.എന്‍.യുവിലെ ഗവേഷണ വിദ്യാര്‍ഥിനി അടക്കമുള്ളവരാണ് പ്രൊഫസര്‍ക്കെതിരേ പോലീസില്‍ പരാതി നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുത്തിരുന്നു.
അശ്ലീലച്ചുവയോടെ സംസാരിക്കുന്നുവെന്നും ശരീരത്തില്‍ അനുമതിയില്ലാതെ സ്പര്‍ശിക്കുന്നുവെന്നും അടക്കമുള്ള പരാതികളാണ് പ്രൊഫസര്‍ക്കെതിരെ ഗവേഷണ വിദ്യാര്‍ഥിനി ഉന്നയിച്ചത്. ഇതിനു പിന്നാലെ പ്രൊഫസര്‍ക്കെതിരെ പരാതിയുമായി എട്ട് വിദ്യാര്‍ഥിനികള്‍ രംഗത്തെത്തിയിരുന്നു.
സംഭവത്തില്‍ കേസ് എടുക്കുകയല്ലാതെ തുടര്‍നടപടികളൊന്നും പോലീസ് എടുക്കുന്നില്ലെന്ന് ആരോപിച്ചാണ് വിദ്യാര്‍ഥികള്‍ കഴിഞ്ഞ ദിവസം പോലീസ് സ്‌റ്റേഷനിലേക്ക് മാര്‍ച്ച് നടത്തിയത്. പ്രൊഫസറെ ചോദ്യംചെയ്യാന്‍ വൈകുന്നത് അദ്ദേഹത്തിന് കേസില്‍നിന്ന് രക്ഷപെടാന്‍ അവസരം ഒരുക്കാനാണെന്നും ജെ.എന്‍.യു വിദ്യാര്‍ഥികള്‍ ആരോപിച്ചിരുന്നു.
അതിനിടെ, തനിക്കെതിരായ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് കോടതിയില്‍നിന്ന് ജാമ്യം ലഭിച്ചശേഷം അതുല്‍ ജോഹ്രി വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. രാഷ്ട്രീയത്തിന്റെ ഇരയാണ് താന്‍. തെറ്റായ ആരോപണം ഉന്നയിച്ച് ജയിലില്‍ അടക്കുന്നതോടെ തന്റെ ഒദ്യോഗിക ജീവിതംതന്നെ ഇല്ലാതാകുമെന്നും അദ്ദേഹം പറഞ്ഞു.