മഹാരഥന്‍മാരെ വാര്‍ത്തെടുത്ത കലാലയം. വിദ്യാര്‍ഥികളുടെ പഠനമികവിലും ജനാധിപത്യസംസ്‌കാരത്തിലും ഒരുപോലെ ലോകപ്രശസ്തി നേടിയ രാജ്യത്തിന്റെ അഭിമാനകേന്ദ്രം. അതേ ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയാണ് ഇന്ന് ദേശവിരുദ്ധരുടെ താവളമെന്ന് മുദ്രകുത്തപ്പെട്ടിരിക്കുന്നത്. ജെ.എന്‍.യു.എസ്.യു പ്രസിഡന്റ് കനയ്യ കുമാറിനെതിരെ രാജ്യദ്രോഹത്തിന് കേസെടുത്തതോടെ, ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയിലെ വിദ്യാര്‍ഥികളെല്ലാം ദേശവിരുദ്ധരാണെന്ന രീതിയിലാണ് പ്രദേശവാസികളുടെ പെരുമാറ്റം. താടിയും തോള്‍സഞ്ചിയുമായി ഏതെങ്കിലും ചെറുപ്പക്കാരെ കണ്ടാല്‍ പോലീസും വെറുതെ വിടില്ല.
ഓട്ടോറിക്ഷയില്‍ കയറിയാല്‍, പാകിസ്താനിലേക്കാണോ പോകേണ്ടത് എന്നു ചോദിച്ചുള്ള കുറ്റപ്പെടുത്തല്‍. കാമ്പസിനു പുറത്ത് വാടകയ്ക്കുതാമസിക്കുന്ന പല വിദ്യാര്‍ഥികളും പുറത്താക്കല്‍ ഭീഷണി നേരിട്ടുകൊണ്ടിരിക്കുകയാണ്. വീട്ടുടമകള്‍ക്ക് ജെ.എന്‍.യുക്കാരെല്ലാം കുഴപ്പക്കാരാണ് എന്ന ധാരണയാണ്.
പൂര്‍വാഞ്ചല്‍ ഹോസ്റ്റലിലേക്കുള്ള 615-ാം നമ്പര്‍ ബസിനു നേരെ പല തവണ ആക്രമണങ്ങള്‍ ഉണ്ടായതായി പല വിദ്യാര്‍ഥികളും പറയുന്നു. വഴിയോരത്തും കോളേജ് പരിസരങ്ങളിലുമെല്ലാം വിദ്യാര്‍ഥികള്‍ക്കുനേരെ അസഭ്യവര്‍ഷങ്ങള്‍ പതിവാണ്. എല്ലാവരും ഭയത്തിലാണ്. പ്രശ്‌നങ്ങള്‍ പുറത്തുപറയാന്‍ പോലും പലര്‍ക്കും ഭയമാണ്.
ഡല്‍ഹിയിലെ ഒരു പൊതുആഘോഷത്തില്‍ പങ്കെടുക്കാന്‍ പോയ വിദ്യാര്‍ഥിയെ, ജെ.എന്‍.യു വിദ്യാര്‍ഥിയാണെന്ന കാരണത്താല്‍ പോലീസുകാര്‍ സ്റ്റേഷനിലേക്ക് കൊണ്ടു പോയി. മണിക്കൂറുകള്‍ക്കു ശേഷമാണ് വിട്ടയച്ചതും. ഒരു സംഘടനയുമായും ബന്ധമില്ലാത്ത വിദ്യാര്‍ഥികള്‍ പോലും പേടിച്ചാണ് ഇപ്പോള്‍ പുറത്തിറങ്ങുന്നത്. ജെ.എന്‍.യുവിന് ഇങ്ങനെയൊരു കുപ്രസിദ്ധി ഉണ്ടാക്കിയത് ചിലരുടെ പ്രത്യക താത്പര്യപ്രകാരമാണെന്നും അമല്‍ അഭിപ്രായപ്പെട്ടു.
2016 ഫിബ്രവരി 9നാണ് ഡെമോക്രാറ്റിക് സ്റ്റുഡന്റസ് യൂണിയന്റെ നേതൃത്വത്തില്‍ ജെ.എന്‍.യു കാമ്പസില്‍ അഫ്‌സല്‍ ഗുരു അനുസ്മരണം നടന്നത്. 2001 പാര്‍ലമെന്റ് ആക്രമണക്കേസ് പ്രതിയായ അഫ്‌സല്‍ ഗുരുവിനും മക്ബൂല്‍ ഭട്ടിനും വധശിക്ഷ നല്‍കിയത് ഭരണകൂടഭീകരതയാണെന്ന് ആരോപിച്ചും കാശ്മീര്‍ ജനതയുടെ ജനാധിപത്യ അവകാശങ്ങള്‍ക്കുവേണ്ടിയുള്ള പോരാട്ടത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുമാണ് അന്ന് ഒരുപറ്റം വിദ്യാര്‍ഥികള്‍ ഒത്തുചേര്‍ന്നത്.