ന്യൂഡല്‍ഹി: രാജ്യദ്രോഹ കുറ്റം ചുമത്തി അറസ്റ്റ് ചെയ്യപ്പെട്ട ജെ.എന്‍.യു വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്റ് കനയ്യ കുമാറിനെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ നടത്തുന്ന പ്രതിഷേധം ശക്തമാകുന്നു.
വിദ്യാര്‍ഥികള്‍ക്ക് പിന്തുണയുമായി സര്‍വകലാശാല അധ്യാപകര്‍ രംഗത്ത് വന്നു. 100 ല്‍ കൂടുതല്‍ അധ്യാപകര്‍ വിദ്യാര്‍ഥികള്‍ക്കൊപ്പം സമരത്തില്‍ പങ്കെടുത്തു.
കനയ്യ കുമാറിനെ പാട്യാല കോടതിയില്‍ ഹാജരാക്കുന്നതിനിടെ സര്‍വകലാശാല അധ്യാപകരെയും മാധ്യമ പ്രവര്‍ത്തകരെയും ഒരു സംഘം ആളുകള്‍ മര്‍ദിച്ചിരുന്നു. ജനാധിപത്യ വിരുദ്ധമായ ഇത്തരം സംഭവങ്ങളില്‍ അന്വേഷണം നടത്തണമെന്ന് അധ്യാപകര്‍ ആവശ്യപ്പെട്ടു.
പ്രശ്‌നത്തിന് കാരണക്കാരായ അഭിഭാഷകര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയും ആവശ്യപ്പെട്ടിട്ടുണ്ട്.
ജെഎന്‍യു പ്രശ്‌നത്തില്‍ ഇടപെട്ടതിന്റെ പേരില്‍ തനിക്കെതിരെ വധ ഭീഷണിയുണ്ടെന്ന് ആം ആദ്മി പാര്‍ട്ടി നേതാവ് അഷുതോഷ് പറഞ്ഞു. വാട്‌സ്ആപ്പിലൂടെ ഭീഷണി സന്ദേശം ലഭിച്ചതായും പൊലീസില്‍ പരാതി നല്‍കിയെന്നും അദ്ദേഹം അറിയിച്ചു.