ന്യൂഡല്‍ഹി: ജെഎന്‍യു ക്യാമ്പസില്‍ ഇന്ത്യ വിരുദ്ധ മുദ്രാവാക്യം മുഴക്കിയെന്ന ആരോപണത്തെ തുടര്‍ന്ന് വിദ്യാര്‍ഥി യൂണിയന്‍ നേതാവ് കനയ്യ കുമാര്‍ പിഴയൊടുക്കണമെന്ന ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയുടെ ശിക്ഷാ നടപടി ഡല്‍ഹി ഹൈക്കോടതി തടഞ്ഞു.
പല കാരണങ്ങളാല്‍ ജെഎന്‍യുവിന്റെ ഈ ശിക്ഷ നിലനില്‍ക്കില്ലെന്നാണ് കോടതി വിലയിരുത്തിയത്. കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ശിക്ഷ പിന്‍വലിക്കുന്നതായി ജെഎന്‍യു അധികൃതര്‍ അറിയിച്ചു.
പിഴയൊടുക്കണമെന്ന ജെഎന്‍യു അധികൃതരുടെ ശിക്ഷാ നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ട് കനയ്യ കുമാര്‍ കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഹൈക്കോടതിയെ സമീപിച്ചത്. യൂണിവേഴ്‌സിറ്റിയുടെ അച്ചടക്കം ലംഘിച്ചതിന് ശിക്ഷയായാണ് കനയ്യ കുമാര്‍ പിഴയൊടുക്കണമെന്ന് ജെഎന്‍യു നിര്‍ദേശിച്ചത്.
അഫ്‌സല്‍ ഗുരു അനുസ്മരണവുമായി ബന്ധപ്പെട്ട നടത്തിയ പരിപാടിയില്‍ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം മുഴക്കിയെന്ന് കാണിച്ചാണ് കോളേജിലെ അപ്പീല്‍ കമ്മിറ്റി കനയ്യ കുമാറിന് 10000 രൂപ പിഴ ചുമത്തിയത്.
പാര്‍ലമെന്റ് ആക്രമണ കേസില്‍ തൂക്കികൊന്ന അഫ്‌സല്‍ ഗുരുവിനെ അനുസ്മരിച്ച് 2016 ഫെബ്രുവരി ഒമ്പതിന് ജെഎന്‍യുവില്‍ പൊതുപരിപാടി നടത്തിയതിനെ തുടര്‍ന്നാണ് കനയ്യ കുമാര്‍ ഉള്‍പ്പെടെ 13 വിദ്യാര്‍ഥികള്‍ക്കെതിരേ നടപടി എടുത്തത്.
Share this Article
Related Topics