ന്യൂഡല്‍ഹി: ജാര്‍ഖണ്ഡില്‍ നിയമസഭാ തിരഞ്ഞെടുപ്പ് അഞ്ച് ഘട്ടങ്ങളായി നടത്തും. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. നവംബര്‍ 30 നാണ് ഒന്നാംഘട്ടം. ഡിസംബര്‍ ഏഴ്, 12, 16, 20 എന്നീ തീയതികളില്‍ തുടര്‍ന്നുള്ള നാലു ഘട്ടങ്ങളിലെ വോട്ടെടുപ്പ് നടക്കും. ഡിസംബര്‍ 23 നാണ് വോട്ടെണ്ണലും ഫലപ്രഖ്യാപനവും.
രണ്ടാം മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം തിരഞ്ഞെടുപ്പ് നടക്കുന്ന മൂന്നാമത്തെ സംസ്ഥാനമാണ് ജാര്‍ഖണ്ഡ്. മഹാരാഷ്ട്രയ്ക്കും ഹരിയാണയ്ക്കും പിന്നാലെ ഈവര്‍ഷം തിരഞ്ഞെടുപ്പ് നടക്കുന്ന ബിജെപി ഭരണമുള്ള മൂന്നാമത്തെ സംസ്ഥാനവും. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ജാര്‍ഖണ്ഡിലെ 14 സീറ്റുകളില്‍ 12ഉം ബിജെപി സഖ്യം വിജയിച്ചിരുന്നു.
ഓള്‍ ജാര്‍ഖണ്ഡ് സ്റ്റുഡന്റ്‌സ് യൂണിയനു (എ.ജെ.എസ്.യു) മായി സഖ്യമുണ്ടാക്കിയാണ് നിലവില്‍ ബി.ജെ.പി സംസ്ഥാനം ഭരിക്കുന്നത്. മഹാരാഷ്ട്രാ, ഹരിയാണ എന്നീ സംസ്ഥാനങ്ങളില്‍നിന്ന് വ്യത്യസ്തമായി ജാര്‍ഖണ്ഡില്‍ മികച്ച വിജയം നേടാനാകുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ. 81 അംഗ നിയമസഭയില്‍ 35 സീറ്റുകള്‍ നേടിയാണ് 2014 ല്‍ ബി.ജെ.പി അധികാരം പിടിച്ചത്. എ.ജെ.എസ്.യു 17 സീറ്റുകളില്‍ വിജയിച്ചു. രഘുബര്‍ ദാസാണ് ജാര്‍ഖണ്ഡിലെ ബിജെപി നേതൃത്വം നല്‍കുന്ന സര്‍ക്കാരിനെ നയിക്കുന്നത്.
സംസ്ഥാനത്ത് കോണ്‍ഗ്രസും ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ചയും (ജെ.എം.എം) സഖ്യം പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും സീറ്റ് വിഭജനം പൂര്‍ത്തിയാക്കിയിട്ടില്ല.
Content Highlights: Jharkhand elections in five phases from November 30, results on December 23