കോഴിക്കോട്: ''അലകളായും ചുഴികളായും ഒഴുക്കായും വാതില്‍തുറന്നിറങ്ങിവരികയാണ് ഒരു നദി! ഞാന്‍ ശ്വാസമടക്കിപ്പിടിച്ചുനിന്നു. അവള്‍ ഒറ്റയ്ക്കല്ല ഇറങ്ങിവരുന്നത്. ഇതഃപര്യന്തം ഇന്ത്യയുടെ വന്‍പദ്ധതികളുടെ നടത്തിപ്പിനുവേണ്ടി സ്വന്തം മണ്ണില്‍നിന്ന് പിഴുതെറിയപ്പെട്ട ആറരക്കോടി ജനങ്ങളുടെ ഒരു മഹാപ്രവാഹമായിരുന്നു അത്. കൈകൂപ്പാന്‍ മറന്ന് ഞാന്‍ മിഴിച്ചുനില്‍ക്കുമ്പോള്‍ പല്ലില്ലാത്ത വാ തുറന്ന് ഒരു കുഞ്ഞിനെപ്പോലെ ചിരിച്ചുകൊണ്ട് ബുധിനി കൈകൂപ്പി.''
ചരിത്രം സാഹിത്യത്തെ അഭിവാദ്യംചെയ്ത അത്യസാധാരണമായ ആ നിമിഷത്തെ വിസ്മയത്തോടെ ഓര്‍ക്കുകയാണ് എഴുത്തുകാരി സാറാജോസഫ്. മുന്നില്‍നില്‍ക്കുന്നത് മരിച്ചുപോയി എന്നുറപ്പിച്ച് താന്‍ ചായവും ചമയവും കൊടുത്ത കഥാപാത്രമാണ്. ആധുനിക ഇന്ത്യയുടെ ചരിത്രം ഒരിക്കലും വിസ്മരിക്കരുതാത്ത സ്ത്രീയാണ്. ആദ്യ പ്രധാനമന്ത്രി പണ്ഡിറ്റ് ജവാഹര്‍ലാല്‍ നെഹ്രുവിന്റെ വധുവെന്ന് വിധിച്ച് കാലം ഇരുട്ടിലേക്കെറിഞ്ഞ ഗോത്രജന്മമാണ്. അതാണ് ബുധിനി മെജാന്‍.
സാറാജോസഫ് മാതൃഭൂമി ആഴ്ചപ്പതിപ്പിലെഴുതിയ അതേപേരുള്ള നോവലിലെ നായിക. ജാര്‍ഖണ്ഡിലെ പാഞ്ചേത്തിലുള്ള ബുധിനിയുടെ വീട്ടിലായിരുന്നു കൂടിക്കാഴ്ച. സാന്താള്‍ വംശജയാണ് ബുധിനി. 1959 ഡിസംബര്‍ ആറിനു സംഭവിച്ച നെഹ്രുവുമായുള്ള ആദ്യകൂടിക്കാഴ്ചയാണ് ബുധിനിയുടെ ജീവിതം മാറ്റിമറിച്ചത്. നെഹ്രുസര്‍ക്കാരിന്റെ സ്വപ്നപദ്ധതിയായിരുന്ന പാഞ്ചേത്ത് ഡാമിന്റെ ഉദ്ഘാടനമായിരുന്നു വേദി.
ഡാം രാഷ്ട്രത്തിനു സമര്‍പ്പിക്കാനെത്തിയ നെഹ്രു ആ ദൗത്യത്തിനു ക്ഷണിച്ചത് ദാമോദര്‍വാലി കോര്‍പ്പറേഷനിലെ ജോലിക്കാരിയായ കൗമാരക്കാരിയെ. വേദിയിലെത്തിയ ബുധിനി മെജാനെ നെഹ്രു സ്വതസിദ്ധമായ സ്‌നേഹാദരത്തോടെ ഹാരമണിയിച്ചു. പ്രധാനമന്ത്രിക്കൊപ്പംനിന്ന് ബുധിനി ഡാം രാഷ്ട്രത്തിനു സമര്‍പ്പിച്ച വാര്‍ത്തയും ചിത്രവും പത്രങ്ങളില്‍ ഒന്നാംപേജ് വാര്‍ത്തയായി.
ഏതൊരു മനുഷ്യനും ജീവിതസാഫല്യമാവേണ്ട ആ മുഹൂര്‍ത്തം പക്ഷേ, ബുധിനിയെ ജീവിതത്തില്‍നിന്ന് ചീന്തിക്കളഞ്ഞു. സാന്താള്‍ ഗോത്രാചാരമാണ് വിനയായത്. പുരുഷന്റെ ഹാരം സാന്താള്‍ പെണ്‍കുട്ടിക്ക് മംഗല്യഹാരമാണ്. ബുധിനി നെഹ്രുവിന്റെ ഭാര്യയായെന്ന് സമുദായം വിധിച്ചു. അന്യസമുദായക്കാരനെ വരിച്ചതിന് ബുധിനി ഗോത്രത്തില്‍നിന്ന് നിഷ്‌കാസിതയായി. ജീവിതം വഴിമുട്ടി. ദയനീയമായിത്തീര്‍ന്ന ആ ജീവിതത്തിനൊടുവില്‍ എന്നോ ബുധിനി മരിച്ചുപോയെന്ന് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു.
ബുധിനിയെക്കുറിച്ചുള്ള ഈ കേട്ടറിവില്‍നിന്നാണ് സാറാജോസഫിന്റെ നോവല്‍ പിറന്നത്. ജീവിച്ചിരിപ്പില്ലാത്ത ഒരാളെ അയാള്‍ ജീവിച്ച കാലത്തെയും ചരിത്രത്തെയും മുന്‍നിര്‍ത്തി നടത്തിയ ആഖ്യാനമായിരുന്നു അത്. വായനക്കാര്‍ നിറഞ്ഞമനസ്സോടെ സ്വീകരിച്ച നോവലിലെ നായിക, ജീവിച്ചുമരിച്ച നാടുകാണാന്‍ നോവലിസ്റ്റ് നടത്തിയ യാത്രയാണ് അപ്രതീക്ഷിതവും നാടകീയവുമായ വഴിത്തിരിവായിമാറിയത്.
പാഞ്ചേത്തില്‍ ബുധിനിയുടെ ഓര്‍മകളല്ല, ബുധിനി തന്നെ എഴുത്തുകാരിയെ സ്വീകരിച്ചു. ബുധിനി മരിച്ചിട്ടില്ല. മരിച്ചുവെന്നുറപ്പിച്ച് താന്‍ സൃഷ്ടിച്ച ബുധിനി ജീവനോടെവന്ന് മുന്നില്‍നിന്നതിന്റെ അമ്പരപ്പും ആഹ്ലാദവും എഴുതുകയാണ് ചൊവ്വാഴ്ച പുറത്തിറങ്ങിയ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ സാറാജോസഫ്. സാഹിത്യത്തില്‍ മുന്‍പൊരിക്കലും സംഭവിച്ചിട്ടില്ലാത്ത ഒരു അപൂര്‍വസമാഗമത്തിന്റെ ഓര്‍മ.
content highlights: Jawahar Lal Nehru,Budhni Manjhiyan