ന്യൂഡല്‍ഹി: രാജ്യത്തെ പൊതുമേഖലാ എണ്ണ കമ്പനികള്‍ നാല് വര്‍ഷത്തിനുള്ളില്‍ ഇതാദ്യമായി തങ്ങളുടെ ചില്ലറ വ്യാപര ശൃംഖല വ്യാപിപ്പിക്കാനുള്ള നടപടികള്‍ ആരംഭിച്ചു. ഇതിന്റെ ഭാഗമായി രാജ്യത്തുടനീളം 65,000 പമ്പുകള്‍ക്ക് ഡീലര്‍മാരെ ക്ഷണിച്ചുള്ള അപേക്ഷകള്‍ ആവശ്യപ്പെടാന്‍ പൊതുമേഖല കമ്പനികള്‍ തീരുമാനിച്ചു.
തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലനില്‍ക്കുന്ന സംസ്ഥാനങ്ങളില്‍ തിരഞ്ഞെുടപ്പിന് ശേഷമായിരിക്കും ഡീലര്‍ഷിപ്പിനുള്ള അപേക്ഷ ക്ഷണിക്കുക. അതേ സമയം പെട്രോള്‍ പമ്പുകള്‍ക്ക് കൂട്ടത്തോടെ അപേക്ഷകള്‍ ക്ഷണിക്കുന്നത് ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടാണെന്ന ആരോപണവും ഇതിനോടകം ഉയര്‍ന്നു കഴിഞ്ഞുവെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ടുചെയ്തു.
മൂന്ന് പൊതുമേഖലാ എണ്ണ കമ്പനികളും ചേര്‍ന്ന് അപേക്ഷ ക്ഷണിച്ചുള്ള സംയുക്ത പരസ്യവും പുറത്തിറക്കിയിട്ടുണ്ട്. മൂന്ന് വര്‍ഷത്തിനുള്ളില്‍ പമ്പുകളുടെ നിര്‍മാണം പൂര്‍ത്തീകരിക്കും.
കണക്കുകള്‍ പ്രകാരം നിലവില്‍ രാജ്യത്ത് 62585 പെട്രോള്‍ പമ്പുകളാണ് ഉള്ളത്. ഇതില്‍ 6000 മാത്രമെ സ്വകാര്യ കമ്പനികള്‍ നടത്തുന്നുള്ളൂ. 2017-18 വര്‍ഷത്തില്‍ രാജ്യത്തെ ഇന്ധന ആവശ്യം അഞ്ച് ശതമാനമാണ് വര്‍ധനവുണ്ടായത്. പമ്പുകളുടെ ഡീലര്‍ഷിപ്പിന് വേണ്ട മാനദണ്ഡങ്ങളില്‍ സര്‍ക്കാര്‍ ചില ഇളവുകള്‍ വരുത്തിയിട്ടുണ്ട്. ഇത്തവണ ഡീലര്‍മാരെ തിരഞ്ഞെടുക്കുന്നതിനുള്ള മുഴുവന്‍ പ്രക്രിയകളും ഓണ്‍ലൈന്‍ വഴിയാണ്.
Content Highlights: It’s raining petrol pumps ahead of general election