ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ഇസ്ലമിക് സ്‌റ്റേറ്റിന്റെ സാന്നിധ്യമുണ്ടെന്ന് പോലീസ് മേധാവി എസ്.പി. വൈദ്. ഇതാദ്യമായാണ് ഐ.എസ് ഭീകരരുടെ സാന്നിധ്യം കശ്മീരില്‍ പോലീസ് സ്ഥിരീകരിക്കുന്നത്. സംഘടനയുടെ സാന്നിധ്യമുണ്ടെങ്കിലും അതിന് സംസ്ഥാനത്ത് ഏകീകൃത രൂപമില്ലെന്നും അതിനുള്ള സാധ്യതയില്ലെന്നും പോലീസ് പറയുന്നു. അതേസമയം ഇസ്ലാമിക് സ്റ്റേറ്റ് തലവന്‍ അബൂബക്കര്‍ ബാഗ്ദാദിയുടെ പ്രസംഗങ്ങളില്‍ ആകൃഷ്ടരായ ഒരുകൂട്ടം ചെറിയ ഗ്രൂപ്പുകള്‍ തനിച്ച് ആക്രമണം നടത്താന്‍ സാധ്യതയുണ്ടെന്നാണ് ജമ്മുകശ്മീര്‍ പോലീസ് മേധാവി പറയുന്നത്.
കഴിഞ്ഞ ശനിയാഴ്ച സംസ്ഥാനത്ത് ഒരു പോലീസുകാരന്‍ കൊല്ലപ്പെടാന്‍ ഇടയായ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ഇസ്ലമിക് സ്റ്റേറ്റ് ഏറ്റെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് സംസ്ഥാനത്ത് ഐ.എസ് ഭീകരരുടെ സാന്നിധ്യമുണ്ടെന്ന് പോലീസ് മേധാവി തന്നെ സ്ഥിരീകരിക്കുന്നത്. എന്‍.ഡി. ടീവിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.
തങ്ങളുടെ ഓണ്‍ലൈന്‍ മാധ്യമമായ അമാഖിലൂടെയാണ് ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തത്. ഈ അവകാശവാദം തള്ളിക്കളയാന്‍ സാധിക്കില്ലെന്നാണ് പോലീസിന്റെ ഇപ്പോഴത്തെ നിലപാട്. യൂറോപ്പില്‍ ഇത്തരത്തില്‍ ഐഎസ് ആശയത്തില്‍ ആകൃഷ്ടരായി ഒന്നോ അതിലധികമോ വ്യക്തികള്‍ നടത്തുന്ന ആക്രമണങ്ങളാണ് വലിയ പ്രതിസന്ധികള്‍ സൃഷ്ടിച്ചിട്ടുള്ളത്.
ഇത്തരത്തില്‍ കശ്മീരില്‍ ആക്രമണങ്ങള്‍ വ്യാപകമാകുകയാണെങ്കില്‍ അത് വലിയ തലവേദനയാകുമെന്ന് വൈദ് പറയുന്നു. നിരപരാധികളായ പോലീസുകാരാണ് ഇതിന് വിലനല്‍കേണ്ടി വരികയെന്നും അങ്ങനെ സംഭവിക്കാതിരിക്കട്ടെയെന്നും വൈദ്. പറയുന്നു. യുവാക്കള്‍ക്കിടയില്‍ ഇസ്ലാമിക് സ്റ്റേറ്റിന്റെ സ്വാധീനം വളരുന്നത് തടയാന്‍ ജനങ്ങളുമായുള്ള ബന്ധം കൂടുതല്‍ മെച്ചപ്പെടുത്തുമെന്നും മറ്റൊരു സിറിയോ ഇറാഖോ ആയി ജമ്മുകശ്മീരിനെ മാറ്റാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം പറയുന്നു.
സൈനിക നടപടികള്‍ക്കിടെ ഭീകരവാദികളായ യുവാക്കള്‍ കൊല്ലപ്പെടുമ്പോള്‍ ഇസ്ലാമിക സ്‌റ്റേറ്റിന്റെ പതാക ഉയര്‍ത്തുന്നതും റാലികളിലും പ്രകടനങ്ങളിലും ഇവ വീശുന്നതും വാര്‍ത്തകളായി പുറത്തുവന്നിരുന്നു. എന്നാല്‍ സംഘടനയുടെ സ്വാധീനം കശ്മീരിലുണ്ടെന്ന് കേന്ദ്ര- സംസ്ഥാന ഇന്റലിജന്‍സുകള്‍ അംഗീകരിച്ചിരുന്നില്ല. എന്നാല്‍ ഒണ്‍ലൈനില്‍ ചിലര്‍ സ്ഥിരമായി ബാഗ്ദാദിയുടെ പ്രസംഗങ്ങള്‍ കാണുന്നുവെന്ന് രഹസ്യാന്വേഷണ വിഭാഗങ്ങള്‍ കണ്ടെത്തിയിരുന്നു. ഇത്തരത്തില്‍ അവരുടെ ആശയത്തില്‍ ആകൃഷ്ടരായവരാകാം ശനിയാഴ്ചത്തെ ആക്രമണത്തിന് പിന്നിലെന്നും ആക്രമണം നടത്തിയവരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും പോലീസ് മേധാവി പറയുന്നു.