'പുതിയ 50-50 ബിസ്‌കറ്റ് ഉണ്ടോ?'- ബിജെപി-ശിവസേന തര്‍ക്കത്തില്‍ പരിഹാസവുമായി ഒവൈസി


1 min read
Read later
Print
Share

കസേരകളി മുന്നോട്ട് പോകുകയാണ്. എന്ത് ചെയ്യണമെന്ന് ശിവസേനയ്ക്ക് അറിയില്ലെന്നാണ് തോന്നുന്നത്.

ഹൈദരാബാദ്: മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട് അധികാര തര്‍ക്കം തുടരുന്ന ബി.ജെ.പിയെയും ശിവസേനയയും പരിഹസിച്ച് എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീന്‍ ഒവൈസി. മുഖ്യമന്ത്രി പദം പങ്കുവെയ്ക്കാനുള്ള 50-50 ഫോര്‍മുലയെ പരിസഹസിച്ച് വിപണിയില്‍ പുതിയ 50-50 ബിസ്‌ക്കറ്റ് ഇറങ്ങിയിട്ടുണ്ടോ എന്നായിരുന്നു ഒവൈസിയുടെ ചോദ്യം.

''എന്താണ് 50-50? വിപണിയില്‍ പുതിയ ബിസ്‌കറ്റ് ഉണ്ടോ? നിങ്ങള്‍ എത്ര 50-50 നടത്തും. മഹാരാഷ്ട്രയിലെ ജനങ്ങള്‍ക്കായി നിങ്ങളെന്തെങ്കിലും ചെയ്യുമോ? സത്താറയില്‍ മഴയിലുണ്ടായ നാശനഷ്ടത്തെ കുറിച്ച് അവര്‍ക്ക് ധാരണയില്ല. എന്ത് തരത്തിലുള്ള വികസനമാണിത്'' - ഒവൈസി ചോദിച്ചു. തന്റെ പാര്‍ട്ടി ബി.ജെ,പിയെയോ ശിവസേനയെയോ പിന്തുണയ്ക്കാന്‍ തയ്യാറാവില്ലെന്നും ഒവൈസി വ്യക്തമാക്കി.

ഫഡ്‌നവിസോ മറ്റാരെങ്കിലുമോ മുഖ്യമന്ത്രിയാവുമോ എന്ന് തനിക്കറിയില്ല. കസേരകളി മുന്നോട്ട് പോകുകയാണ്. എന്ത് ചെയ്യണമെന്ന് ശിവസേനയ്ക്ക് അറിയില്ലെന്നാണ് തോന്നുന്നത്. ഉദ്ധവ് താക്കറെയ്ക്ക് പ്രധാനമന്ത്രി മോദിയെ പേടിക്കുന്നതുപോലുണ്ടെന്നും ഒവൈസി പരിഹസിച്ചു.

നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്ന് ദിവസങ്ങള്‍ പിന്നിട്ടിട്ടും മഹാരാഷ്ട്രയിലെ രാഷ്ട്രീയ പ്രതിസന്ധി തുടരുകയാണ്. മുഖ്യമന്ത്രി പദം 50-50 വ്യവസ്ഥയില്‍ രണ്ടര വര്‍ഷം വീതം പങ്കുവെയ്ക്കണമെന്ന സഖ്യ കക്ഷിയായ ശിവസേനയുടെ ആവശ്യം അംഗീകരിക്കാന്‍ ബി.ജെ.പി തയ്യാറാവാത്തതാണ് പ്രതിസന്ധിക്ക് കാരണം. ശിവസേനയുമായി ഇത്തരത്തില്‍ ഒരു ധാരണയും തങ്ങള്‍ക്കില്ലെന്നാണ് ബി.ജെ.പിയുടെ നിലപാട്.

288 അംഗങ്ങളുള്ള മഹാരാഷ്ട്ര നിയമസഭയില്‍ 105 സീറ്റാണ് ഏറ്റവും വലിയ ഒറ്റകക്ഷിയായ ബി.ജെ.പിയ്ക്കുള്ളത്. സഖ്യക്ഷിയായ ശിവസേന 56 സീറ്റുകളും നേടി. ഒവൈസിയുടെ പാര്‍ട്ടിയായ എ.ഐ.എം.ഐ.എമിന് രണ്ട് സീറ്റുകളാണ് നിയമസഭയിലുള്ളത്.

content highlights: Is there a new 50-50 biscuit? Owaisi's jibe at BJP-Shiv Sena power tussle

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram