ന്യൂഡല്‍ഹി: സി.ബി.ഐ ആസ്ഥാനത്തെ കലാപത്തെ തുടര്‍ന്ന് ഡയറക്ടര്‍ അലോക് വര്‍മയെ സ്ഥാനത്ത് നിന്ന് മാറ്റിയ വിഷയത്തില്‍ വിവാദങ്ങള്‍ പുകയുന്നു. റഫാല്‍ കരാര്‍ സി.ബി.ഐ അന്വേഷണത്തിന് എത്തുന്ന സാഹചര്യമുണ്ടായാല്‍ തലപ്പത്ത് സര്‍ക്കാര്‍ വിരുദ്ധനായ അലോക് വര്‍മ ഉണ്ടാവരുത് എന്നതിനാലാണ് അലോകിനെ ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് മാറ്റിയത് എന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. ഇതിനായി സര്‍ക്കാര്‍ ഒരുക്കിയ നാടകമായിരുന്നു ഉദ്യോഗസ്ഥര്‍ തമ്മിലുള്ള കലാപമന്നും പ്രതിക്ഷ നേതാക്കന്മാര്‍ ആരോപിച്ചു.
അരവിന്ദ് കെജ്രിവാളും പ്രശാന്ത് ഭൂഷണും ഉള്‍പ്പടെയുള്ളവരാണ് സര്‍ക്കാര്‍ റാഫാല്‍ അന്വേഷണം അട്ടിമറിക്കാനാണ് അലോക് വര്‍മയെ മാറ്റിയത് എന്ന ആരോപണവുമായി രംഗത്തെത്തിയത്. ദിവസങ്ങള്‍ക്ക് മുന്‍പ് അലോക് വര്‍മ്മ റഫാല്‍ വിഷയത്തില്‍ പ്രശാന്ത് ഭൂഷണുമായും അരുണ്‍ ഷൂരിയുമായും കൂടിക്കാഴ്ച നടത്തിയത് കേന്ദ്ര സര്‍ക്കാരിനെ വലിയ രീതിയില്‍ പ്രകോപിപ്പിച്ചിരുന്നു. പ്രധാനമന്ത്രിയുടെ ഓഫീസ് അടക്കമുള്ളവര്‍ രൂക്ഷമായാണ് ഇതിനോട് പ്രതികരിച്ചത്.
മോദി സര്‍ക്കാര്‍ ചില കാര്യങ്ങള്‍ മറയ്ക്കാന്‍ ശ്രമിക്കുന്നതായി ആരോപിച്ച അരവിന്ദ് കെജ്രിവാള്‍ റഫാലുമായി ഇതിന് ബന്ധമുണ്ടെന്നും ആരോപിച്ചു. ലോക്പാല്‍ നിയമപ്രകാരം നിയമിക്കപ്പെട്ട ഒരു അന്വേഷണ ഏജന്‍സിയുടെ തലവനെ കൃത്യമായി കാരണങ്ങളില്ലാതെ മാറ്റാന്‍ സര്‍ക്കാരിന് ഏത് നിയമമാണ് അധികാരം നല്‍കിയതെന്നും കെജ്രിവാള്‍ തന്റെ ട്വിറ്റര്‍ സന്ദേശത്തിലൂടെ ചോദിച്ചു.
അലോക് വര്‍മയെ മാറ്റിയതിലൂടെ തങ്ങളുടെ സ്വന്തക്കാരനായ അഴിമതിക്കാരന്‍ ഉദ്യോഗസ്ഥനെ സംരക്ഷിക്കുകയാണ് ബി.ജെ.പി ചെയ്തതെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ആരോപിച്ചു. ബി.ജെ.പി നേതൃത്വം നേരിട്ടാണ് തീര്‍ത്തും നിയമവിരുദ്ധമായ ഈ പ്രവര്‍ത്തിക്ക് ചുക്കാന്‍ പിടിച്ചതെന്നും യെച്ചൂരി ആരോപിച്ചു. കോണ്‍ഗ്രസ് നേതാവ് മനു അഭിഷേക് സിങ്‌വിയും സമാനമായ ആരോപണവുമായി രംഗത്തെത്തിയിട്ടുണ്ട്.
എന്തായാലും സി.ബി.ഐയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ ചൂടുപിടിക്കാനാണ് സാധ്യത. റഫാല്‍ കേസിനൊപ്പം പ്രതിപക്ഷം ഇതും ആയുധമാക്കുന്നതോടെ സര്‍ക്കാര്‍ കൂടുതല്‍ സമ്മര്‍ദ്ധത്തിലാകും. ഇതിന് പുറമെ സര്‍ക്കാര്‍ നടപടിക്കെതിരായി അലോക് വര്‍മ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി ഈ മാസം 26 ന് കോടതി പരിഗണിക്കുന്നുമുണ്ട്.
content highlights: Is there a co-relation betn Rafale deal and removal of Alok Verma